‘പ്രാർത്ഥിക്കാനായി കാറിൽ കയറ്റി കൊണ്ടുപോയി, സംശയം തോന്നി ഇറങ്ങി ഓടിയപ്പോൾ കാറിടിച്ച് വീഴ്ത്തി’; പരാതിയുമായി ഇമാം
കൊല്ലം: ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീർ സെയ്നിയ്ക്ക് നേരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്ത് പോകുന്നതിന് മുമ്പ് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവാവ് ഇമാമിനെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ അപരിചിതരായ നാല് യുവാക്കൾ കാറിൽ കയറി. സംശയം തോന്നിയ ഇമാം കാറിൽ നിന്നിറങ്ങി ഓടി. ഇതിന് ശേഷം യുവാക്കൾ ഇമാമിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വീണിടത്ത് നിന്ന് എഴുന്നേറ്റ് ഇമാം ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പോകുന്ന വഴിയിൽ എന്നെ കൊണ്ടുപോയ പയ്യന് ഒരു ഫോൺകോൾ വന്നു. അവന്റെ കുറച്ച് കൂട്ടുകാർ അവിടെ നിൽപ്പുണ്ട്. അവരെ കൂട്ടി വരാമെന്ന് പറഞ്ഞു. ജംഗ്ഷന്റെ മറുവശത്ത് എത്തിയപ്പോൾ അവന്റെ നാല് കൂട്ടുകാർ വന്നു. അവരെ കണ്ടപ്പോൾ എനിക്ക് പന്തികേട് തോന്നി. അവരുടെ കയ്യിൽ മൊബൈൽ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ മനസിൽ ഒരു ഭയപ്പാട് തോന്നി. ഞാൻ വരുന്നില്ലെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങി ഓടി. ആദ്യം വന്ന പയ്യൻ പ്രാർത്ഥനയ്ക്ക് വരാൻ നിർബന്ധിച്ച് എന്റെ പിന്നാലെ വന്നു. പിന്നെ ഇവിടെയെത്തിയത് മാത്രമേ എനിക്ക് ഓർമയുള്ളൂ.’- ഇമാം പറഞ്ഞു.