വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ ഇൻസെന്റീവ് പിൻവലിച്ചു, ഹോട്ടലുകൾ അടക്കമുള്ളവർക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇൻസെന്റീവ് എണ്ണ കമ്പനികൾ പിൻവലിച്ചു. ഇതോടെ വിപണിവിലയ്ക്ക് തന്നെ ഡീലർമാർ സിലിണ്ടറുകൾ വിൽക്കേണ്ടിവരും. നടപടിയെത്തുടർന്ന് ഹോട്ടലുകൾ അടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങാൻ നിർബന്ധിതരാകും. ഇൻസെന്റീവ് ഉള്ളതിനാൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകൾക്ക് വാണിജ്യ സിലിണ്ടറുകൾ ഡീലർമാർ നൽകിയിരുന്നത്.നിലവിൽ കൂടുതൽ സ്റ്റോക്ക് എടുക്കുന്ന ഡീലർമാർക്ക് പരമാവധി 240 രൂപവരെ എണ്ണകമ്പനികൾ ഇൻസെന്റീവ് നൽകിയിരുന്നു. ഇൻസെന്റീവ് പിൻലവലിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വിൽപ്പന വില 1748 രൂപയായി ഉയർന്നു. നേരത്തെ 1508 രൂപയായിരുന്നു വില.അതേസമയം, ഇൻസെന്റീവ് നിർത്തലാക്കിയത് സിലിണ്ടർ വിതരണ ഏജൻസികൾക്ക് ഗുണകരമാണെന്നും വിതരണക്കാർക്ക് വിൽപ്പന കൂടുമെന്നും ഏജൻസി ഉടമകൾ അഭിപ്രായപ്പെടുന്നു. വില കുറച്ച് ഡിസ്കൗണ്ട് കൂട്ടുന്ന വിതരണക്കാരുടെ രീതിയ്ക്ക് ഇതോടെ അവസാനമാകുമെന്നും ഇവർ പ്രതീക്ഷ പങ്കുവയ്ക്കുന്നു.