ഭൂചലനം: നേപ്പാളില്‍ 6 മരണം; ഡല്‍ഹിയും കുലുങ്ങി
ന്യുഡല്‍ഹി: നേപ്പാളില്‍ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 2.12 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ആറ് പേര് മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് ഭൂചലനത്തിന്റെ പ്രകടനം തലസ്ഥാന നഗരമായ കാത്മണ്ഡുവിലും സമീപപ്രദേശങ്ങളിലും ഡല്‍ഹിയിലും വരെ അനുഭവപ്പെട്ടു.
ദോട്ടി ജില്ലയിലെ ഖപ്താഡ് നാഷണല്‍ പാര്‍ക്കിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ പഠനശാസ്ത്ര സെന്റര്‍ വ്യക്തമാക്കി. വീട് തകര്‍ന്നാണ് ആറ് പേരും മരണമടഞ്ഞത്. ദുരിതാശ്വാസ നടപടികളും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബ അറിയിച്ചു.
നേരത്തെ രണ്ട് തവണ ഇതേ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാത്രി 9.07ന് 5.7 തീവ്രതയുള്ളതും 9.56ന് 4.1 തീവ്രതയുള്ളതുമാണയ ഭൂചലനങ്ങളാണ് ഉണ്ടായത്.
2015ല്‍ നേപ്പാളിലുണ്ടായ 7.8 തീവ്രതയുള്ള ഭൂചലനത്തില്‍ 9,000 പേരാണ് മരിച്ചത്. 22,000 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ട് ലക്ഷം വീടുകളും സ്കൂള്‍ കെട്ടിടങ്ങളുമാണ് തകര്‍ന്നത്.