ശാന്തൻ പാറയിൽ സിപിഎം പ്രവർത്തകരായ അച്ഛനും മകനും നേരെ വധശ്രമം, വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി: ശാന്തൻപാറയിൽ സിപിഎം പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. കൂന്തപ്പനതേരി സ്വദേശികളായ പരമശിവനും മകൻ കുമാറിനുമാണ് വീട് കയറിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടടുക്കവേയാണ് പ്രദേശവാസികളായ ആക്രമികൾ ഇവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കോൺഗ്രസ് ഗൂഢാലോചനയിൽ പരമശിവനെയും മകനെയും കരുതികൂട്ടി ആക്രമിച്ചതായാണ് സിപിഎം ആരോപിക്കുന്നത്.
പ്രദേശവാസിയായ വിമൽ, അരവിന്ദ് എന്നിവരാണ് വീട് കയറി ആക്രമണം നടത്തിയത്. പ്രതികളെ പിടിച്ച് മാറ്റാനെത്തിയ അയൽവാസിയ്ക്കും പരിക്കേറ്റിട്ടുണ്ട്. കൃത്യത്തിനിടയിൽ പരിക്കേറ്റ പ്രതികൾ ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണുള്ളത്. സ്ഥലത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച് കലാപമുണ്ടാക്കാനാണ് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതെന്നും സിപിഎം നേതൃത്വം ആരോപണമുന്നയിച്ചു. എന്നാൽ പ്രതിയായ വിമലിന് പാർട്ടിയുമായി ബന്ധമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നുമാണ് വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചത്.വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം.