കടയില്‍ നാലായിരം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍, വിറ്റിരുന്നത് സ്കൂള്‍ കുട്ടികള്‍ക്ക്
ചാരുംമൂട്: സ്കൂള്‍ കുട്ടികള്‍ക്കു വില്‍ക്കുന്നതിനായി സൂക്ഷിച്ചിരുന്ന 4,050 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നൂറനാട് പോലീസ് പിടികൂടി. കുടശ്ശനാട് സ്കൂളിനു സമീപം കച്ചവടം നടത്തിയിരുന്ന ഉളവുക്കാട് അടിയന്കോട്ട് വടക്കേതില്‍ ബാബു (62)വിനെ അറസ്റ്റുചെയ്തു. സ്കൂളിനടുത്തുള്ള ഇയാളുടെ കടയില്‍നിന്നു പുകയില ഉത്പന്നങ്ങളുടെ അമ്പതോളം പാക്കറ്റുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഉളവുക്കാട്ടുള്ള വീട്ടില്‍നിന്നു നാലായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.
രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും പരാതികള്‍ നൂറനാട് പോലീസിനു ലഭിച്ചതിനെത്തുടര്‍ന്ന് കുറച്ചുനാളുകളായി പ്രതിയെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. സ്കൂള്‍ കുട്ടികള്‍ യൂണിഫോമില്‍ ഇയാളുടെ കടയില്‍ നിന്നു പുകയില ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കു വിപണിയില്‍ നാലുലക്ഷം രൂപ വിലവരും.
ഇയാള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പുകയില നിരോധിത നിയമപ്രകാരവും കേസെടുത്തു. ഇയാളുടെ കടയുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത് പറഞ്ഞു. എസ്.ഐ. നിതീഷ്, ജൂനിയര്‍ എസ്.ഐ. ദീപു പിള്ള, എ.എസ്.ഐ. പുഷ്പന്, സി.പി.ഒ.മാരായ ശ്രീകല, വിന്‍ജിത്ത്, കൃഷ്ണകുമാര്‍, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.