യുവാവിനെ തലയറുത്ത് കൊന്നു; വെട്ടിമാറ്റിയ തലകൊണ്ട് അക്രമികള്‍ ‘ഫുട്ബോള്‍’ കളിച്ചെന്നും മൊഴി
മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തലയറുത്ത് കൊന്നു. മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശി മഹേഷ് മെഷ്രാമി(35)നെയാണ് 15 അംഗസംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഏകദേശം 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ തലയറുത്ത് മാറ്റുകയും ചെയ്തു.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം അറത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമിസംഘം ‘ഫുട്ബോള്‍’ കളിച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അറത്തുമാറ്റിയ തല, പ്രതികള്‍ തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
ചോരയില്‍ കുളിച്ചനിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. ഇതിന് 50 മീറ്റര്‍ അകലെയാണ് അറത്തുമാറ്റിയ തല കണ്ടെത്തിയതെന്നും ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.