സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിയുന്നു? ചർച്ചയായി സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ഹൈദരാബാദ്: ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറെ ചർച്ചയാകുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലല്ലെന്നും കുറച്ച് നാളായി വേർപിരിഞ്ഞുകഴിയുകയാണെന്നും ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാനിയ പങ്കുവച്ച പോസ്റ്റ് ആരാധകരെ ആശങ്കയിലാക്കുന്നത്.
‘തകർന്ന ഹൃദയങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത്? അള്ളാഹുവിനെ തേടാൻ’ എന്നായിരുന്നു സാനിയ പോസ്റ്റിൽ കുറിച്ചത്. ഇരുവരും അകന്നുകഴിയുകയാണെന്നും മകൻ ഇഷാന് വേണ്ടിമാത്രമാണ് ഒരുമിക്കുന്നതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇരുവരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറെ വിവാദമായ പ്രണയത്തിന് ശേഷം 2010 ഏപ്രിലിലാണ് ഷുഹൈബും സാനിയയും വിവാഹിതരായത്. പാകിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരവും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇരുവരും ചേർന്ന് മകന്റെ നാലാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷുഹൈബ് പങ്കുവച്ചിരുന്നു. എന്നാൽ സാനിയ ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.