ഇന്ത്യയും പറഞ്ഞു കടക്ക് പുറത്ത്, കഴിഞ്ഞ വർഷം രാജ്യം നാടുകടത്തിയത് 821 വിദേശികളെ, കൂടുതൽ പേരും ഈ രാജ്യക്കാർ
ന്യൂഡൽഹി : കടക്ക് പുറത്ത് വിവാദം ചർച്ചയാവുമ്പോൾ രാജ്യവും ചില വിദേശീയരെ ഇന്ത്യയിൽ നിന്നും പുറത്താക്കിയതിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. 2021ൽ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർമാർ 821 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പറയുന്നു. വാർഷിക റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.ഇന്ത്യയിൽ നിന്നും നാടുകടത്തപ്പെട്ട 821 പേരിൽ ഭൂരിഭാഗവും നൈജീരിയക്കാരാണ്. 339 നൈജീരിയക്കാരെയാണ് ഇന്ത്യ കഴിഞ്ഞ വർഷം പുറത്താക്കിയത്. ഇവർക്ക് തൊട്ട് പിന്നാലെ അയൽരാജ്യമായ ബംഗ്ലാദേശികളാണ്. 246 ബംഗ്ലാദേശി പൗരൻമാരെയാണ് രാജ്യം പിടികൂടി പുറത്താക്കിയത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 105 പേരെയും പുറത്താക്കിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ വർഷം ഇന്ത്യയിൽ സന്ദർശനം നടത്തിയത് 15,24,469 വിദേശികളാണ്. അമേരിക്കയിൽ നിന്നുമാണ് കൂടുതൽ സന്ദർശകരെത്തിയത്. 4,29,860 പേർ. തൊട്ടുപിന്നാലെ ബംഗ്ലാദേശിൽ നിന്നും 2,40,554, ബ്രിട്ടനിൽ നിന്നും 1,64,143 പേരുമെത്തി. കാനഡ (80,437), നേപ്പാൾ (52,544), അഫ്ഗാനിസ്ഥാൻ (36,451), ഓസ്ട്രേലിയ (33,864), ജർമ്മനി (33,772), പോർച്ചുഗൽ (32,064), ഫ്രാൻസ് (30,374) തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഇന്ത്യയിലേക്ക് സഞ്ചാരികൾ കൂടുതലുമായെത്തിയത്.പാകിസ്ഥാനിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി 45 ദിവസത്തെ ‘വിസഓൺഅറൈവൽ’ ഇന്ത്യ അനുവദിച്ചിട്ടുണ്ട്. അട്ടാരി ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിലൂടെയാണ് ഇവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്.