വീണ്ടും റാഗിംഗ്: പ്ലസ് വൺ വിദ്യാർഥികളെ സീനിയര്‍ വിദ്യാർഥികൾ റാഗിംഗിന്റെ പേരിൽ ആക്രമിച്ചതായി പരാതി
കുമ്പള: പ്ലസ് വൺ വിദ്യാർഥികളെ സീനിയര്‍ വിദ്യാർഥികൾ റാഗിംഗിന്റെ പേരിൽ മർദിച്ചതായി പരാതി. ഷിറിയ ഗവ. ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ അട്കത്ബയലിലെ റാസിഖ് അബ്ദുൽ ഖാദർ (17), ചേരങ്കൈ കടപ്പുറത്തെ മുഹമ്മദ് ആശിഖ് (17), ചൂരിയിലെ ഫറാസ് അഹ്മദ് (16) എന്നിവരെ ആക്രമിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് കേസെടുത്തു.
നേരത്തെ സീനിയർ വിദ്യാർഥികൾ റാഗിംഗ് നടത്തിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് പൊലീസ് സ്റ്റേഷനിൽ എത്തി പരിഹരിച്ചതായുമായാണ് വിവരം. എന്നാൽ ഇതിന്റെ വിരോധം മനസിൽ വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്ലസ് വൺ വിദ്യാർഥികൾ പറയുന്നത്.
യൂണിഫോം ധരിച്ചും അല്ലാതെയുമെത്തിയ ഒരുകൂട്ടം പ്ലസ് ടു വിദ്യാർഥികൾ ആക്രമിച്ചെന്നാണ് ആരോപണം. റാസിഖിന്റെ കഴുത്തിലും മറ്റും മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.