സദാസമയവും റീൽസ്, സിനിമയിൽ അഭിനയിക്കാനും മോഹം; 38കാരൻ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ചെന്നൈ: സമൂഹമാദ്ധ്യമങ്ങളിൽ അധികസമയം ചെലവഴിക്കുന്നുവെന്ന പേരിൽ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഡിണ്ടിഗൽ സ്വദേശി അമൃതലിംഗം (38) അറസ്റ്റിലായി.അമൃതലിംഗവും ചിത്രയും തിരുപ്പൂരിലെ സെല്ലം നഗറിലാണ് താമസിച്ചിരുന്നത്. തെന്നംപാളയം പച്ചക്കറി മാർക്കറ്റിലെ ദിവസവേതന തൊഴിലാളിയാണ് അമൃതലിംഗം. ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയാണ് ചിത്ര. ടിക്ക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റും നിരന്തരം റീൽസ് ചെയ്യുന്ന ശീലം ചിത്രയ്ക്കുണ്ടായിരുന്നു. ഇതിൽ അമൃതലിംഗം അസ്വസ്ഥനായിരുന്നു.ഇൻസ്റ്റാഗ്രാമിൽ മാത്രം 33,300 ഫോളോവേഴ്സ് ചിത്രയ്ക്കുണ്ടായിരുന്നു. ഫോളോവേഴ്സ് കൂടിയതോടെ സിനിമയിൽ അഭിനയിക്കാനും ചിത്ര ആഗ്രഹിച്ചു. എന്നാൽ ഇതിന്റെ പേരിൽ ചിത്രയും ഭർത്താവും വഴക്കിടുന്നത് പതിവായി. രണ്ടുമാസം മുൻപ് ചെന്നൈയിലേയ്ക്ക് പോയ ചിത്ര മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തിരികെയെത്തി. ചടങ്ങുകൾക്ക് ശേഷം ചെന്നൈയിലേയ്ക്ക് തിരികെ പോകാനൊരുങ്ങിയ ചിത്രയെ അമൃതലിംഗം തടഞ്ഞു. സമൂഹമാദ്ധ്യമ ഉപയോഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ അമൃതലിംഗം ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശ്വാസം മുട്ടിയ ചിത്ര ബോധംകെട്ടുവീണതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയും മകളെ വിവരമറിയിക്കുകയും ചെയ്തു. മകൾ എത്തി പരിശോധിച്ചപ്പോൾ ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ മകളാണ് പൊലീസിനെ വിവരമറിയിച്ചത്.