ഗിനിയില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവര്‍ തടവില്‍; ഭക്ഷണവും വെള്ളവുമില്ലെന്ന് സന്ദേശം
കൊല്ലം: ഗിനിയില്‍ കപ്പലില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 15 പേര് തടവില്‍. നേവി പിടിച്ചുവെച്ച കപ്പലിലുള്ള ഇവരെ മലാബോ ദ്വീപിലാണ് തടവിലാക്കിയിരിക്കുന്നതെന്ന് കപ്പലിന്റെ നാവിഗേറ്റിങ് ഓഫീസറായ കൊല്ലം നിലമേല്‍ സ്വദേശി വിജിത്ത് വി പറഞ്ഞു
സംഘത്തിലെ 15 പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാം എന്നുപറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത ഒരിടത്ത് അവരെ തടവിലാക്കിയിരിക്കുകയാണെന്ന് വിജിത്ത് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.ആര്‍മിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്കാണ് ഇപ്പോള്‍ അവരെ എത്തിച്ചിരിക്കുന്നത്. ഫോണുകളില്‍ ചാര്‍ജില്ലെന്നും പുറംലോകവുമായി ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍ പരിമിതമായികൊണ്ടിരിക്കുകയാണെന്നും വിജിത്ത് പറഞ്ഞു. ആശങ്കയോടെയാണ് സംഘം തടവില്‍ കഴിയുന്നത്. രക്ഷപ്പെടുത്താന്‍ എത്രയും വേഗം ഇടപെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
വളരെ ക്ഷീണിച്ച ആരോഗ്യസ്ഥിതിയിലാണ് തടവിലാക്കപ്പെട്ടവരെന്നാണ് വിജിത്ത് പങ്കുവെച്ച വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്നും നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ നിറക്കാന്‍ പോയ കപ്പല്‍ ഓഗസ്റ്റ് 9-നാണ് ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്തത്. പിഴയടച്ചിട്ടും കപ്പലിന് യാത്രാനുമതി നല്‍കാനോ ജീവനക്കാരെ വിട്ടയക്കാനോ ഗിനിയന്‍ നാവികസേന തയ്യാറായിട്ടില്ല.