കരഞ്ഞതിന്റെ പേരിൽ മദ്യപിച്ചെത്തിയ പിതാവ് ക്രൂരമായി മർദിച്ചു; രണ്ട് വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: മദ്യപിച്ചെത്തിയ പിതാവ് രണ്ട് വയസുകാരനെ കൊലപ്പെടുത്തി. ഹൈദരാബാദിൽ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് സംഭവം. കുഞ്ഞിന്റെ മാതാവ് ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെരെഡ്മെട്ട് പൊലീസ് കേസെടുത്ത് പ്രതി സുധാകറിനെ അറസ്റ്റ് ചെയ്തു.രാത്രി മദ്യ ലഹരിയിൽ വീട്ടിലെത്തിയ സുധാകർ മകന്റെ കരച്ചിൽ കേട്ട് അസ്വസ്ഥനായി. തുടർന്ന് രണ്ടുവയസുകാരനായ ജീവനെ ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരിച്ചു.നെരെഡ്മെട്ട് ജെജെ നഗറിലെ എസ്എസ്ബി അപ്പാർട്ട്മെന്റിൽ വാച്ചർമാരായി ജോലിചെയ്ത് വരികയായിരുന്നു ദിവ്യയും ഭർത്താവ് സുധാകറും. 2019ലായിരുന്നു ഇവരുടെ വിവാഹം. ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.