ഗുളിക, ഡ്രിപ്പ് ലായനി, സിറിഞ്ച്, കോംബോ പായ്ക്കുമായി ലഹരിമാഫിയ; മെഡി. സ്റ്റോറുകളും നിരീക്ഷണത്തില്‍
രതീഷ് രവി
കൊല്ലം തങ്കശ്ശേരിയില്‍ അടുത്തിടെ തുടങ്ങിയ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരത്തിലേറെ സിറിഞ്ചുകള്‍ വിറ്റതായി കണ്ടെത്തി. സാധാരണ ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കുമാണ് ഇത്രയേറെ സിറിഞ്ചുകള്‍ ആവശ്യം വരിക.
പ്രതീകാത്മക ചിത്രം
കൊല്ലം: കാന്‍സര്‍ രോഗികള്‍ക്ക് അതിവേദനയകറ്റാന് നല്കുന്ന തീവ്ര വേദനസംഹാരി ലഹരിക്കായി ഡ്രിപ്പ് ലായനിയില്‍ (നോര്‍മല്‍ സലൈന്‍) ലയിപ്പിച്ച് കുത്തിവെക്കുന്നതിന് കോംബോ പായ്ക്കുമായി ലഹരിമാഫിയ. ഗുളിക, ഡ്രിപ്പ് ലായനി, സിറിഞ്ച് എന്നിവ ഒന്നിച്ച് ഡോക്ടര്‍മാരുടെ കുറിപ്പടി ഒന്നുമില്ലാതെയാണ് നല്‍കുന്നത്. ഇങ്ങനെ വില്‍ക്കുന്ന ചില മരുന്നുകടകള്‍ ഡ്രഗ്സ് കണ്ട്രോള്, എക്സൈസ് വകുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. നിയമനടപടിയും തുടങ്ങി. ഓങ്കോളജിസ്റ്റുമാരും അസ്ഥിശസ്ത്രക്രിയാവിദഗ്ധരും കുറിച്ചുകൊടുക്കേണ്ട വേദനസംഹാരിയാണ് നിര്‍ബാധം വിറ്റഴിക്കുന്നത്.
കൊല്ലം തങ്കശ്ശേരിയില്‍ അടുത്തിടെ തുടങ്ങിയ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിരത്തിലേറെ സിറിഞ്ചുകള്‍ വിറ്റതായി കണ്ടെത്തി. സാധാരണ ക്ലിനിക്കുകളിലേക്കും ആശുപത്രികളിലേക്കുമാണ് ഇത്രയേറെ സിറിഞ്ചുകള്‍ ആവശ്യം വരിക. കിടപ്പുരോഗികള്‍ക്കുവേണ്ടി വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ടിവരുന്ന ഡ്രിപ്പ് ലായനിയും വളരെക്കുറച്ച് വില്‍ക്കാറുള്ള വേദനസംഹാരിയും ഇതേകടയില്‍ വന്‍തോതില്‍ ചെലവാകുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഈ സ്ഥാപനത്തില്‍ എക്സൈസ് സംഘം നിരീക്ഷിച്ചപ്പോള്‍ യുവാക്കള്‍ക്ക് കുറിപ്പടിയില്ലാതെ കോംബോ പായ്ക്ക് നല്‍കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഈ കട അടപ്പിച്ചു. സമാനസംഭവങ്ങള്‍ മറ്റു ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതേ വേദനസംഹാരിഗുളിക കൊറിയര്‍, പാഴ്സല്‍ സര്‍വീസുകള്‍ വഴി നേരിട്ട് കൊണ്ടുവരുന്ന മാഫിയകളുമുണ്ട്. 340 രൂപ വിലയുള്ള 10 ഗുളികകള്‍ 2,000 രൂപയ്ക്കാണ് ഈ സംഘം വില്‍ക്കുന്നത്. ഇത്തരം കേസുകളും ഡ്രഗ്സ് കണ്ട്രോള് വിഭാഗവും എക്സൈസും ചേര്‍ന്ന് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. ഗൂഗിള്‍പേ വഴി മുന്‍കൂറായി പണം നല്‍കിയവര്‍ക്കാണ് വേദനസംഹാരികള്‍ നല്‍കുന്നത്.
ടര്പ്പന്റനോള് എന്ന വേദനസംഹാരിയുടെ പ്രത്യേക ബ്രാന്‍ഡാണ് മുംബൈയില്‍നിന്ന് പാഴ്സല്‍ സര്‍വീസുകള്‍ വഴി കൊണ്ടുവരുന്നതെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് മുംബൈ ചെമ്പൂരിലുള്ള മരുന്ന് മൊത്തവ്യാപാര സ്ഥാപനം പൂട്ടി. തീവ്ര വേദനസംഹാരി, ഡ്രിപ്പ് ലായനി, സിറിഞ്ച് എന്നിവയ്ക്ക് അമിത വില്‍പ്പനയുള്ള മരുന്നുകടകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കൊല്ലം ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ എ.സജു പറഞ്ഞു.