ഡോക്ടറെ കാണാന്‍ കാത്തിരുന്ന 61-കാരന് പത്രവായനക്കിടെ കുഴഞ്ഞുവീണ് മരിച്ചു
ജയ്പുര്‍: പല്ലുവേദനയുമായി ദന്തഡോക്ടറെ കാണാനെത്തിയ 61- കാരന് കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലെ ബര്മാറിലെ ദന്താശുപത്രിയില്‍ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാനുള്ള ഊഴം കാത്തിരിക്കുകയായിരുന്ന ദിലീപ് കുമാര്‍ മദാനി പത്രവായനക്കിടെ അസ്വസ്ഥനാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ക്ലിനിക്കിലെ ജീവനക്കാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദന്താശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ദിലീപ് കുമാര്‍ മദാനി ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതും പത്രം വായിക്കുന്നതും കുഴഞ്ഞുവീഴുന്നതും കാണാം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രാജസ്ഥാന് സ്വദേശിയാണെങ്കിലും ഗുജറാത്തിലെ സൂറത്തില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി താമസിക്കുന്ന ദിലീപ് കുമാര്‍ ഒരു പൊതുപരിപാടിയ്ക്കായാണ് നവംബര്‍ നാലിന് ബര്മാറിലെത്തിയത്. തൊട്ടടുത്ത ദിവസം പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്. ഇദ്ദേഹത്തിന് രണ്ട് ആണ്മക്കളും ഒരു മകളുമാണുള്ളത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നും ശനിയാഴ്ച തന്നെ അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങ് നടത്തിയതായും ദിലീപ് കുമാറിന്റെ ബന്ധു പ്രതികരിച്ചു.