സൗദി യുദ്ധവിമാനം പരിശീലന പറക്കലിനിടയിൽ തകർന്ന് വീണു
റിയാദ്: സൗദി അറേബ്യയിൽ പരിശീലനത്തിനിടെ യുദ്ധവിമാനം തകർന്ന് വീണു. സൗദി റോയൽ എയർ ഫോഴ്സിന്റെ എഫ്-15 എസ് യുദ്ധവിമാനമാണ് തകർന്ന് വീണത്. മക്ഡൊണൽ ഡക്ളസ് രൂപകല്പന ചെയ്ത ഇരട്ട എഞ്ചിൻ വിമാനമായ എസ്-15 ഈഗിൾ പരിശീലന പറക്കലിനിടയിൽ കിങ് അബ്ദുല്‍ അസീസ് എയര്‍ ബേസ് പരിശീലന ഗ്രൗണ്ടിലാണ് തീഗോളമായി മാറിയത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് വിവരം. പതിവ് പരിശീലന പറക്കലിനിടയിൽ സാങ്കേതിക തകരാർ സംഭവിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടസമയത്ത് രണ്ട് എയർഫോഴ്സ് പൈലറ്റുമാർ വിമാനത്തിലുണ്ടായിരുന്നു. ഇവർ അപകടമൊന്നും കൂടാതെ പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിരോധ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.