‘അവൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകി, എന്നിട്ടും!’; 16കാരിയെ കൊലപ്പെടുത്തിയ ശേഷം വീഡിയോ പങ്കുവച്ച് പിതാവ്
ഹൈദരാബാദ്: തനിക്ക് ഇഷ്ടമല്ലാത്ത യുവാവിനെ പ്രണയിച്ചതിന് 16 വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ആംബുലൻസ് ഡ്രൈവറായ വരപ്രസാദാണ് മകൾ നികിതശ്രീയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം ഇയാൾ തന്നെയാണ് സെൽഫി വീഡിയോയിലൂടെ മകളെ കൊലപ്പെടുത്തിയ വിവരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30നാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് വരപ്രസാദ് നികിതയെ കൊലപ്പെടുത്തിയത്. ശേഷം,’ എന്റെ മകൾ ആവശ്യപ്പെട്ടതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. അവൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിംഗ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ല, തുടരരുതെന്ന് പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എന്റെ അമ്മ മരിച്ച അതേ ദിവസം ഞാൻ അവളെ കൊന്നു.’- സെൽഫി വീഡിയോയിൽ വരപ്രസാദ് പറഞ്ഞു.13 വർഷങ്ങൾക്ക് മുമ്പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുമ്പ് മൂത്തമകളും ഇയാളുടെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് നികിതയെ കൊലപ്പെടുത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് വരപ്രസാദ് പൊലീസിൽ മൊഴി നൽകി. വരപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.