യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ‘യുദ്ധക്കളമായി’ തിരു. നഗരസഭ; പ്രതിഷേധവുമായി ജീവനക്കാരും
തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ സംഘര്‍ഷഭരിതമായി തിരുവനന്തപുരം നഗരസഭ. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ട് നഗരസഭ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. കൗണ്‍സിലര്‍മാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയറുടെ ചേംബറിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഇവരെ ഗേറ്റ് പൂട്ടിയിട്ട് തടഞ്ഞു. ഇതോടെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സി.പി.എം. കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. ഇതിനുപിന്നാലെയാണ് സി.പി.എം- ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.
ഇതിനിടെ, ആം ആദ്മി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ഇവരെ ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായെത്തി.ബാരിക്കേഡുകള്‍ തള്ളിമാറ്റി ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ സ്ഥലത്തുനിന്ന് പിന്തിരിഞ്ഞ പ്രവര്‍ത്തകര്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് ഓഫീസിന് മുന്നിലേക്കെത്തി. മതില് ചാടി ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടയുകയും ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരും നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി.
അതേസമയം, ഓഫീസ് വളപ്പിന് പുറത്ത് സംഘര്‍ഷം തുടരുമ്പോള്‍ വളപ്പിനകത്ത് നഗരസഭ ജീവനക്കാരുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇടത് അനുകൂല സംഘടനയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരേ പ്രതിഷേധിച്ചത്. സമരക്കാര്‍ ജീവനക്കാരെ തടയുന്നു, തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.