കത്തിമുനയില്‍ നിര്‍ത്തി വയോധികയെ കൊള്ളയടിച്ചു; മുന്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍
സ്ഥിരമായി ക്രിക്കറ്റ് വാതുവെപ്പും ചൂതാട്ടവും നടത്തിവന്നിരുന്ന സുരേഷ് പാട്ടീല്‍ ഇതിനുവേണ്ടി പണം കണ്ടെത്താനാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം/മാതൃഭൂമി
ബെംഗളൂരു: വീട്ടില്‍ അതിക്രമിച്ചുകയറി വയോധികയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മുന്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍.
ഹെബ്ബാള്‍ സ്വദേശിയായ സുരേഷ് പാട്ടീല്‍ (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷംവരെ രാജാജിനഗറിലെ സ്വകാര്യ കോളേജില്‍ അധ്യാപകനായിരുന്നു ഇയാള്‍. സാമ്പത്തിക ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. സ്ഥിരമായി ക്രിക്കറ്റ് വാതുവെപ്പും ചൂതാട്ടവും നടത്തിവന്നിരുന്ന സുരേഷ് പാട്ടീല്‍ ഇതിനുവേണ്ടി പണം കണ്ടെത്താനാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ജാലഹള്ളിക്ക് സമീപത്തെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് സുരേഷ് പാട്ടീലിനെ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളുടെ താമസസ്ഥലത്തെത്തി അറസ്റ്റ്ചെയ്തു.
സംഭവത്തില്‍ വിശദമായ പരിശോധന നടത്തിവരുകയാണെന്നും ഇയാള്‍ മറ്റെവിടെയെങ്കിലും സമാനമായരീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു.