നേരം ഇരുട്ടിവെളുത്തപ്പോള്‍ പാകിസ്താനിലെ പോലീസുകാരന് ‘കോടീശ്വരനായി’; അക്കൗണ്ടില്‍ എത്തിയത് 10 കോടി
പ്രതീകാത്മക ചിത്രം
കറാച്ചി: നേരം ഇരുട്ടിവെളുത്തപ്പോള്‍ പാകിസ്താനിലെ പോലീസ് ഉദ്യോഗസ്ഥനെ ‘കോടീശ്വരനാക്കി’ ബാങ്ക് അധികൃതര്‍. ശമ്പളതുകയ്ക്കൊപ്പം പത്തുകോടി രൂപയാണ് കറാച്ചിയിലെ പോലീസ് ഉദ്യോഗസ്ഥനായ ആമിര്‍ ഗോപാങ്ങിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് അധികൃതര്‍ നിക്ഷേപിച്ചത്. എന്നാല്‍ അമളി തിരിച്ചറിഞ്ഞതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസുകാരന്റെ അക്കൗണ്ട് ബാങ്ക് അധികൃതര്‍ മരവിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് ആമിറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളത്തിനൊപ്പം പത്തുകോടി രൂപയും എത്തിയത്. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ബാങ്ക് അധികൃതര്‍ ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെയാണ് ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയ വിവരം പോലീസുകാരന് അറിഞ്ഞതെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
‘ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. കാരണം ഇത്രയും പണം ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആയിരക്കണക്കിന് രൂപയ്ക്ക് മുകളില്‍ ഇതുവരെ എന്റെ അക്കൗണ്ടില്‍ ഉണ്ടായിട്ടില്ല’- ഇതായിരുന്നു ആമിറിന്റെ പ്രതികരണം.
തെറ്റായി പണം കൈമാറിയ കാര്യം വിളിച്ചറിയിച്ചതിന് പിന്നാലെ ആമിറിന്റെ അക്കൗണ്ടും എ.ടി.എം. കാര്‍ഡും ബാങ്ക് അധികൃതര്‍ മരവിപ്പിച്ചിരുന്നു. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുന്നത് തടയാന്‍ വേണ്ടിയായിരുന്നു ഈ നടപടി. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ, പാക്കിസ്താനിലെ രണ്ടിടങ്ങളില്‍ കൂടി സമാനരീതിയിലുള്ള അബദ്ധം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലര്ക്കാനയിലും സുക്കൂറിലും ജോലിചെയ്യുന്ന പോലീസുകാരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഭീമമായ തുക അബദ്ധത്തില്‍ നിക്ഷേപിച്ചത്. ലര്‍ക്കാനയിലെ മൂന്ന് പോലീസുകാരുടെ അക്കൗണ്ടുകളിലേക്ക് അഞ്ചുകോടി രൂപ വീതമാണ് എത്തിയത്. സുക്കൂറിലെ പോലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലും അഞ്ചുകോടി രൂപ അബദ്ധത്തില്‍ നിക്ഷേപിച്ചിരുന്നു.