കുട്ടികളെ ഉപയോഗിച്ച് ബൈക്ക് മോഷണം, പൊളിച്ചുവില്‍ക്കും; മൂന്നംഗസംഘം അറസ്റ്റില്‍
അറസ്റ്റിലായ അൻസിൽ, സുരേഷ്, അബ്ദുൽ ഒഫൂർ
വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. വര്‍ക്കല പുത്തന്‍ചന്ത ചരുവിള വീട്ടില്‍ സുരേഷ്(58), കല്ലമ്പലം തോട്ടയ്ക്കാട് അമീന് വില്ലയില്‍ അബ്ദുല്‍ ഒഫൂര്‍(52), വെട്ടൂര്‍ ചിനക്കര വീട്ടില്‍ അന്‍സില്‍ (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ആറുപേരുമാണ് പിടിയിലായത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്, മോഷണം പോയതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്. സമാനരീതിയില്‍ മൂന്ന് കേസുകളാണ് വര്‍ക്കല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുകയും തുച്ഛമായ പണം നല്കി ഈ വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്ക്കുകയുമാണ് സംഘം ചെയ്തുവന്നത്. സ്റ്റേഷന് പരിധിയിലെ മറ്റ് രണ്ട് ബൈക്കുകള്‍കൂടി പൊളിച്ചുവിറ്റതായി പ്രധാന പ്രതിയായ സുരേഷ് മൊഴിനല്‍കിയിട്ടുണ്ട്. അബ്ദുല്‍ ഒഫൂര്‍ ആണ് പൊളിച്ച ബൈക്കിന്റെ ഭാഗങ്ങള്‍ വാങ്ങിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായ വാഹനത്തിന്റെ ഭാഗങ്ങള്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കു വില്‍പ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണ വാഹനങ്ങളുടെ ഭാഗങ്ങള്‍ വാങ്ങുന്ന ആക്രി വ്യാപാര സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നിര്‍ദേശാനുസരണം വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസ്, ഇന്‍സ്പെക്ടര്‍ എസ്.സനോജ്, എസ്.ഐ. മാരായ പി.ആര്.രാഹുല്‍, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാക്കളെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളോടൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.