മലദ്വാരത്തിൽ കടത്തൊക്കെ ഇപ്പോൾ ഔട്ട് ഒഫ് ഫാഷൻ, വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 29 പവൻ
കരിപ്പൂർ: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തുന്നത് പഴങ്കഥയാവുന്നു. വായ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതാണ് പുതിയ രീതി. ഇത്തരത്തിൽ 29 പവൻ സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂർ പൊലീസാണ് അറസ്റ്റുചെയ്തത്. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഷാർജയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ഇയാൾ മാസ്ക് ധരിച്ച് ഒന്നുമറിയാത്തപോലെ കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങി. ഇയാളെ ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ഇയാൾക്കൊപ്പം സ്വർണവുമായി എത്തിയ മറ്റ് രണ്ട് യാത്രക്കാരെയും പിടികൂടിയിട്ടുണ്ട്. ഇതിൽ ഒരാളെ കസ്റ്റംസും മറ്റൊരാളെ പൊലീസുമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ ഷൂസിനുള്ളിൽ 214 ഗ്രാം സ്വർണ മിശ്രിതമാണ് ഒളിപ്പിച്ചത്. വിമാനത്താവളത്തിനു പുറത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ആദ്യഘട്ട ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായില്ലെങ്കിലും തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.