കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് നവംബർ 13 വരെ അപേക്ഷിക്കാം
പ്രതീകാത്മകചിത്രം
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ഉൾപ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി (ക്ലാറ്റ്) ന് നവംബർ 13 വരെ അപേക്ഷിക്കാം.
നിയമ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച പഠനവും അവസരങ്ങളുമാണ് നിയമ സർവകലാശാലകൾ നൽകുന്നത്. ക്ലാറ്റ് യു.ജി. സ്കോർ/റാങ്ക് പരിഗണിച്ച് ദേശീയ നിയമ സർവകലാശാലകൾ അല്ലാതെ മറ്റുചില സ്ഥാപനങ്ങളും നിശ്ചിത പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്.
ബിരുദം: ബിരുദതലത്തിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.ബി.എ. എൽഎൽ.ബി. (ഓണേഴ്സ്), ബി.എസ്സി. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.എസ്.ഡബ്ല്യു. എൽഎൽ.ബി. യോഗ്യത: 10+2/തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40 ശതമാനം)/തത്തുല്യ ഗ്രേഡോടെ ജയിച്ചിരിക്കണം.
പി.ജി.: ഒരുവർഷം ദൈർഘ്യമുള്ള എൽഎൽ.എം. പി.ജി. യോഗ്യത: 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗത്തിന് 45 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള, എൽഎൽ.ബി./തത്തുല്യം. 2023 ഏപ്രിൽ/മേയ് മാസങ്ങളിൽ, യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം.
പരീക്ഷ: ഡിസംബർ 18-ന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഓഫ്ലൈൻ രീതിയിൽ നടത്തും. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ 500 രൂപ അടച്ച് വാങ്ങാം. അപേക്ഷ consortiumofnlus.ac.in വഴി നൽകാം.