തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ചത് സന്തോഷാണോയെന്ന് തിരിച്ചറിയാനായില്ല; സൈബർ സെല്ലിന്റെ സഹായം തേടി പോലീസ്
തിരുവനന്തപുരം: തൊടുപുഴയിൽ വനിതാ ഡോക്ടറെ ആക്രമിച്ചത് മ്യൂസിയം കേസിലെ പ്രതി സന്തോഷല്ലെന്ന് സൂചന നൽകി പൊലീസ്. സന്തോഷിന്റെ ഫോട്ടോ പൊലീസുകാർ ഡോക്ടർക്ക് അയച്ചുകൊടുത്തെങ്കിലും ഇയാളെ തിരിച്ചറിയാനായില്ല. ഡിസംബർ ആറിന് സന്തോഷുണ്ടായിരുന്ന ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. സന്തോഷല്ലെന്ന് സ്ഥിരീകരിക്കാനാണിത്. വിവരം ലഭിക്കുന്നതിനായി തൊടുപുഴ പൊലീസ് സൈബർ സെല്ലിനെ സമീപിച്ചു.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേ 2021 ഡിസംബർ ആറിനാണ് കണ്ണൂർ സ്വദേശിനിയായ ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്. അന്നുതന്നെ ഡോക്ടർ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പ്രതി മുഖം പാതി മറച്ചത് അന്വേഷണത്തിന് തടസമായി. ചിത്രം വരച്ച് കൂടുതൽ അന്വേഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മ്യൂസിയം കേസ് ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് മ്യൂസിയം പൊലീസിനോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതെന്നും തൊടുപുഴ ഡിവൈഎസ്പി മധുബാബു പറഞ്ഞു. എന്നാൽ പ്രതി സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.