പാമ്പിന്റെ’ കടയിൽ നിന്ന് കാശില്ലെങ്കിലും ചായ കുടിക്കാം, രാവിലെ മാത്രം ചെലവാകുന്നത് നൂറിലധികം ചായ, പേരുവന്നതിനുപിന്നിലും ഒരു രഹസ്യമുണ്ട്
പൂച്ചാക്കൽ : പാലിന് വില കൂടിയാലും പഞ്ചസാരയ്ക്ക് വില കുതിച്ചു കയറിയാലും പള്ളിപ്പുറം വാഴത്തറ ജംഗ്ഷനിലെ’പാമ്പിന്റെ’ കടയിൽ ചായയ്ക്ക് വില കൂടില്ല. വില എന്ന ഒരു കാര്യം ഇവിടില്ലാത്തതു കൊണ്ടു തന്നെയാണിത്. ചായ കുടിച്ചിട്ട് കടയിൽ വച്ചിട്ടുള്ള പെട്ടിയിൽ ഇഷ്ടമുള്ള പണം വിലയായി ഇട്ടിട്ടുപോകാം. ഇനി ഒരു രൂപ പോലും ഇട്ടില്ലെലും പ്രശ്നവുമില്ല. കടയുടമയായ പാമ്പുന്തറ വീട്ടിൽ വിജയകുമാർ ഹാപ്പി. വീട്ടുപേര് ലോപിച്ചാണ് പാമ്പ് എന്ന വിളിപ്പേര് വിജയകുമാറിന് ലഭിച്ചത്. അങ്ങനെ തന്നെ വിളിക്കുന്നതിൽ ഒരു വിഷമവുമില്ലെന്ന് വിജയകുമാർ പറയുന്നു. ലാഭമൊന്നും ആഗ്രഹമില്ല. ചിലവ് കഴിഞ്ഞു പോകണമെന്നേയുള്ളൂ. അത് കിട്ടാറുണ്ടെന്ന് വിജയകുമാർ പറയുന്നു. ഒത്തിരി പേരുമായി ദിനവും സംവദിക്കാൻ കഴിയുന്നതിലാണ് സന്തോഷം കൂടുതൽ.
രാവിലെ അഞ്ചു മുതൽ പതിനൊന്ന് വരെയാണ് ചായക്കച്ചവടം. സമീപത്തെ ഫുഡ് പാർക്കിലെ അന്യ സംസ്ഥാന തൊഴിലാളികളുൾപ്പെടെ നിരവധി പേരാണ് ഇവിടെ ചായ കുടിക്കാനെത്തുന്നത്. തൊട്ടടുത്തുള്ള ക്ഷീര സഹകരണ സംഘത്തിൽ നിന്നുള്ള നാടൻപാലിലാണ് ചായ കൂട്ടുന്നത്. നൂറ് ചായയെങ്കിലും രാവിലെ ചെലവാകും. കേരളകൗമുദി പത്രവും വിജയകുമാറിന് കടയിൽ നിർബന്ധമാണ്. കട തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടോളമായി . പകൽ പതിനൊന്നു മണി കഴിഞ്ഞാൽ പൊതുപ്രവർത്തനത്തിലാണ് വിജയകുമാറിന്റെ ശ്രദ്ധ. വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്,ആശുപത്രി എന്നിവിടങ്ങളിൽ നാട്ടുകാർക്ക് സഹായവുമായെത്തും. സിനിമാ മേഖലയിലും ബസ് ജീവനക്കാരനായും മുമ്പ് ജോലി ചെയ്തിട്ടുണ്ട്.