തന്റെ രഹസ്യ ബന്ധം കണ്ടെത്താൻ ഭാര്യയെ സഹായിച്ചു; കോൺസ്റ്റബിൾമാരെ അസഭ്യം പറഞ്ഞ്, മർദിച്ച് ഇൻസ്പെക്ടർ
ഹൈദരാബാദ്: പ്രണയിനിക്കൊപ്പം കറങ്ങിനടന്ന പൊലീസ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി ഭാര്യ. തന്റെ രഹസ്യബന്ധത്തെക്കുറിച്ചറിയാൻ ഭാര്യയെ സഹായിച്ച പൊലീസ് കോൺസ്റ്റബിൾമാരെ പൊലീസ് ഉദ്യോഗസ്ഥൻ മർദിക്കുകയും ചെയ്തു. സംഭവത്തിൽ ഹൈദരാബാദ് സൗത്ത് സോണിലെ സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഇൻസ്പെക്ടറായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ അവിഹിത ബന്ധം ഉണ്ടെന്നും, ഇതു കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിക്കുകയുമായിരുന്നു. തുടർന്ന് കോൺസ്റ്റബിൾമാരായ രാമകൃഷ്ണനും നാഗാർജുന നായിഡവും യുവതിയെ സഹായിച്ചു.
രാജുവിനെയും കാമുകിയേയും യുവതിയും പൊലീസുകാരും കൈയോടെ പിടികൂടുകയായിരുന്നു. പ്രകോപിതനായ രാജു കോൺസ്റ്റബിൾമാരെ ആക്രമിക്കുകയായിരുന്നു. അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവ സമയത്ത് രാജു മദ്യപിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.