ചെന്നൈ: ബലാത്സംഗങ്ങളും കൊലപാതകങ്ങളും അടക്കം കൊടും ക്രൂരതകളുടെ അരങ്ങാണ് നിത്യാനന്ദയുടെ ആശ്രമമെന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ അദ്ദേഹത്തിന്റെ അനുയായികള്‍ വെളിപ്പെടുത്തിയിരുന്നു. അവസാനം അഴിക്കുള്ളിലാവുമെന്ന് വ്യക്തമായതോടെ നിത്യാനന്ദ രായ്ക്കുരാമാനം രാജ്യം വിട്ടു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സജീവമായ നിത്യാനന്ദയെ പിടിക്കാന്‍ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മദ്ധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിത്യാനന്ദയെ കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടക്കുന്ന തമിഴ്നാട്ടില്‍ നിന്നും വലിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിത്യാനന്ദയ്ക്കൊപ്പം നിന്ന വിശ്വസ്ഥര്‍ തന്നെ ഇപ്പോള്‍ തെളിവുസഹിതം നിരവധി വാര്‍ത്തകളും പുറത്തുവിടുന്നത്. അതില്‍ ഏറ്റലവും പ്രധാനപ്പെട്ട ഒന്നാണ് കലൈഞ്ജര്‍ ടിവി പുറത്തുവിടുന്നത്. സ്വന്തം മകളുടെ ശവശരീരം ആശ്രമത്തില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ഝാന്‍സി റാണി എന്ന അമ്മയുടെ വാക്കുകളാണത്. ഇവരുടെ വാക്കുകളില്‍ നിത്യാനന്ദയുടെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
സംഗീതയുടെ അമ്മയുടെ വാക്കുകള്‍
എന്റെ മകള്‍ സംഗീത ചെറുപ്പം മുതലേ ആത്മീയ വിഷയങ്ങളില്‍ വലിയ താല്പര്യം കാണിച്ചിരുന്നു. ഡിഗ്രി പഠനത്തിന് ശേഷമാണ് അവള് നിത്യാനന്ദയുടെ ആശ്രമത്തിലും അദ്ദേഹത്തിന്റെ വാക്കുകളിലും ആകൃഷ്ഠയാകുന്നത്. ഒരു മാസം ആശ്രമത്തില്‍ കഴിഞ്ഞ് ആത്മീയ വിഷയങ്ങളില്‍ അറിവ് നേടണമെന്ന് മകള്‍ പറഞ്ഞു. അവളുടെ ഇഷ്ടത്തിന് ഞാനും സമ്മതിച്ചു. അങ്ങനെ അവള് ആശ്രമത്തിലെത്തി. ഒരു മാസം കഴിഞ്ഞിട്ടും മകള്‍ തിരിച്ചുവന്നില്ല. ഞാന്‍ പോയി വിളിച്ചപ്പോള്‍. അമ്മാ ഞാന്‍ ഇവിടെ ഹാപ്പിയാണ്. എനിക്ക് കുറച്ച് നാള് കൂടി ഇവിടെ നില്‍ക്കണം എന്നാണ് പറഞ്ഞത്.
പിന്നീട് പലപ്പോഴും വീട്ടിലേക്ക് വിളിച്ചിട്ടും അവള് വന്നില്ല. ആറുമാസങ്ങള്‍ക്ക് ശേഷം ഞാന്‍ ചെല്ലുമ്ബോള് അവള് കാവി ധരിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ മുന്നില്‍ വച്ച്, അവളെ കൊണ്ട് ഞങ്ങള്‍ക്ക് ബലി ഇടീച്ചു. ഇത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ചോദിച്ചപ്പോള്‍ ആശ്രമത്തിനൊപ്പം ചേരാനാണ് താല്പര്യമെന്നും ഇവിടെ ഒരു ജോലിയും ലഭിച്ചെന്ന് മകള്‍ പറഞ്ഞു.
നിത്യാനന്ദയുടെ പ്രസംഗങ്ങളും ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ജോലിയാണ് മകള്‍ക്ക് അവര്‍ െകാടുത്തത്. പക്ഷേ പിന്നീട് ഞങ്ങള്‍ക്ക് മനസിലായി അവിടെ നടക്കുന്ന ക്രൂരതകള്‍. ഒരിക്കല്‍ ഞങ്ങള്‍ അവളെ കാണാന്‍ പോയപ്പോള്‍ പത്തോളം പേര് ചേര്‍ന്ന് ഒരു എന്‍ജിനിയറായ പയ്യനെ തല്ലുന്നതാണ് കണ്ടത്. അപ്പോള്‍ അവിടെ നിന്ന മറ്റൊരു പയ്യന് പറഞ്ഞു. അമ്മാ അമ്മയുടെ മകള്‍ക്കും ഇതു തന്നെയാണ് ഇവിടെ അവസ്ഥ. അവളുടെ കാല് നോക്കിയാ മതി അടികൊണ്ട പാടുകള്‍ കാണാമെന്ന്. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. അതിക്രൂരമായി മര്‍ദിച്ച പാടുകള്‍ കാണാം.
ഇനി ഇവിടെ നില്‍ക്കേണ്ടെന്ന് ഉറപ്പിച്ച് മകളെ ഞാന്‍ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് ശ്രമിച്ചു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല. മകളുടെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദ വിഡിയോ പുറത്തുവന്നതിന് പിന്നില്‍ മകളാണെന്ന് അവര്‍ പറഞ്ഞു. അതിന് വ്യക്തത വരാതെ പുറത്തുവിടാന്‍ പറ്റില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എനിക്ക് ഫോണ്‍ വന്നു ആശ്രമത്തില്‍ നിന്നും. മകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചു ആശുപത്രിയിലാണ് വേഗം വരണമെന്ന്. ഒരിക്കലും അവള്‍ക്ക് അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പാണ് എനിക്ക്. ഇത്ര ചെറുപ്പത്തില്‍ എങ്ങനെ അറ്റാക്ക് വരും. ഞാന്‍ ബംഗളൂരുവില്‍ എത്തിയപ്പോള്‍ അവള് മരിച്ചെന്നാണ് കേള്‍ക്കുന്നത്. ഞാന്‍ ആകെ തളര്‍ന്നു. എനിക്ക് എന്റെ മകളെ വിട്ടുതരാന്‍ ഞാന്‍ പറഞ്ഞു.
അപ്പോള്‍ നിത്യാനന്ദ പറഞ്ഞു. ആശ്രമത്തില്‍ തന്നെ സംസ്കരിച്ചാല്‍ മതിയെന്നാണ്. ഞാന്‍ സമ്മതിച്ചില്ല. എനിക്ക് മകളെ കൊണ്ടുപോകണമെന്ന് വാശി പിടിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുതരാമെന്നായി. അങ്ങനെ ആശ്രമത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഞാന്‍ മകളുടെ മൃതദേഹവുമായി നാട്ടിലെത്തി. ഇതൊരു മരണമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ എന്റെ കുഞ്ഞിനെ കൊന്നതാണെന്ന് ഉറപ്പായിരുന്നു.
അങ്ങനെ ഞാന്‍ പരാതി നല്കി. മൃതദേഹം വീണ്ടും റീ പോസ്റ്റുമോര്‍ട്ടം ചെയ്തു. അപ്പോഴാണ് നടുങ്ങിയത്. മകളുടെ ശരീരത്തില്‍ ആന്തരികാ അവയവങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. തലച്ചോറ് പോലും. ഇതെല്ലാം എടുത്തുമാറ്റിയ ശേഷമാണ് അവര്‍ മകളുടെ മൃതദേഹം തന്നുവിട്ടത്. ‘ ഝാന്‍സി റാണി അഭിമുഖത്തില്‍ പറഞ്ഞു.