എം.എൽ.എ ആളുകളെ വിടുന്നു, മകളെ കൊല്ലുമെന്ന് ഭീഷണി; കുന്നപ്പിള്ളിക്കെതിരേ പരാതിക്കാരിയുടെ അമ്മ
കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരേ ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയുടെ അമ്മ രംഗത്ത്. എം.എല്‍.എ. ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ മകള്‍ക്കെതിരേ വധഭീഷണി മുഴക്കിയെന്നുമാണ് അമ്മയുടെ ആരോപണം. പരാതിയില്‍ ബിനാനിപുരം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കോണ്‍ഗ്രസുകാരാണെന്ന് അവകാശപ്പെട്ട് പലരും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മകളെ കൊല്ലുമെന്നാണ് ഇവരുടെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല, തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണം, പ്രതികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ബിനാനിപുരം പോലീസ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. പരാതിക്കാരിയുടെ മകന്റെ മൊഴി അടക്കം പോലീസ് രേഖപ്പെടുത്തുന്നുണ്ട്.