‘ഇനിയും ജോലിയുണ്ട് സഖാവേ’; മേയറുടെ കത്തിന് പിന്നാലെ ആനാവൂർ നാഗപ്പന് മറ്റൊരു കത്ത് കൂടി, വിവാദം
തിരുവനന്തപുരം: മേയറുടെ കത്തിന് പിന്നാലെ നിയമനത്തിനായി നഗരസഭ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിൽ അയച്ച കത്ത് കൂടി പുറത്തായി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഒമ്പത് നിയമനങ്ങൾക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്നാണ് പാർട്ടി സെക്രട്ടറിയായ ആനാവൂർ നാഗപ്പന് അയച്ച കത്തിൽ പറയുന്നത്.എസ്എടി ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി പണികഴിപ്പിച്ച വിശ്രമകേന്ദ്രത്തിൽ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമകേന്ദ്രത്തിൽ മാനേജർ, കെയർ ടേക്കർ അടക്കം ഒമ്പത് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേയ്ക്കുള്ള നിയമനത്തിനാണ് ഒക്ടോബർ 24ന് ഡി ആർ അനിൽ ആനാവൂർ നാഗപ്പന് കത്തയച്ചത്. സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്.നവംബര്‍ ഒന്നാം തീയതി നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന് ആനാവൂർ നാഗപ്പന് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. നഗരസഭ ആരോഗ്യവിഭാഗത്തില്‍ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക കൈമാറണമെന്നുമാണ് മേയര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കത്ത് വാര്‍ത്തയായതോടെ മേയര്‍ക്കും പാര്‍ട്ടിക്കുമെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഇതിനുപിന്നാലെയാണ് സമാനരീതിയില്‍ നഗരസഭയില്‍നിന്ന് അയച്ച മറ്റൊരു കത്ത് കൂടി പുറത്തുവന്നിരിക്കുന്നത്.