17 കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു; ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി
കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയും പലർക്കും കാഴ്ചവക്കുകയും ചെയ്തെന്ന കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അതിനിടെ ഒരാളെ കൂടി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുസ്സമദി (40) നെയാണ് പിടികൂടിയത്. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ ബദിയഡുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ മുബശിറുല്‍ അറഫാത് (23), കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ പി ശഫീഖ് (34), ടിഎസ് മുഹമ്മദ് ജാബിർ (28), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അൻസാറുദ്ദീൻ (29), മുഹമ്മദ് ജലാലുദ്ദീൻ (33) എന്നിവരാണ് അറസ്റ്റിലായത്. പരാതിയിൽ ആകെ 13 പേര്‍ക്കതിരെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുള്ളത്.
വാടക ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന 17കാരിയെ അറഫാത് ആദ്യം പ്രണയം നടിച്ച് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കളായ നാല് പേര്‍ക്ക് കാഴ്ചവച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ കൂടാതെ മറ്റ് എട്ട് പേര് കൂടി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയെന്നാണ് വിവരം. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതായതായി കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ പ്രതികളായ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.