പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍; അജ്ഞാതര്‍ അകത്തുകടന്നതായി സംശയം
തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍. ക്രൈംബ്രാഞ്ച് സംഘം സീല്‍ ചെയ്ത കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ടാണ് തകര്‍ത്തത്. വാതിലിന്റെ പൂട്ട് തകര്‍ത്തശേഷം അജ്ഞാതര്‍ വീടിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ടെന്നാണ് സംശയം. സംഭവത്തില്‍ തമിഴ്നാട് പോലീസും കേരള പോലീസും സംയുക്തമായി അന്വേഷണം നടത്തും.
ഷാരോണ്‍ കൊലക്കേസില്‍ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്നാംപ്രതി ഗ്രീഷ്മയെ ഏഴുദിവസത്തേക്കും രണ്ട്, മൂന്ന് പ്രതികളായ സിന്ധു, നിര്‍മല്‍കുമാര്‍ എന്നിവരെ അഞ്ചുദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. ഗ്രീഷ്മയുമായി രാമവര്‍മന്‍ചിറയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിലടക്കം ശനിയാഴ്ച തീരുമാനമെടുക്കാനിരിക്കെയാണ് പോലീസ് സീല്‍ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്തനിലയില്‍ കണ്ടത്.
കസ്റ്റഡിയില്‍ ലഭിച്ച മൂന്നുപ്രതികളെയും ആദ്യഘട്ടത്തില്‍ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുമെന്നാണ് സൂചന. റൂറല്‍ എസ്.പി. ഓഫീസിലായിരിക്കും ചോദ്യംചെയ്യല്‍. നേരത്തെ കുറ്റസമ്മതം നടത്തിയ ദിവസം മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഗ്രീഷ്മയെ ചോദ്യംചെയ്യാനായത്. ഇതിനുപിന്നാലെ അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതോടെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍കുമാര്‍ എന്നിവരുമായി പോലീസ് സംഘം നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്കിയ കളനാശിനിയുടെ കുപ്പിയും ഇതിന്റെ ലേബലും തെളിവെടുപ്പില്‍ കണ്ടെടുത്തു. എന്നാല്‍ ഗ്രീഷ്മ ഇല്ലാത്തതിനാല്‍ വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല. തുടര്‍ന്ന് വീട് സീല്‍ ചെയ്ത് ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു.