പരസ്യക്കാര് പിന്‍വലിയുന്നു; ട്വിറ്ററിന് വന്‍ വരുമാനനഷ്ടം, ആക്ടിവിസ്റ്റുകളിൽ കുറ്റം ചുമത്തി മസ്ക്
ജീവനക്കാരില്‍ പകുതിയോളം പേരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്ക്. എന്നാല്‍ വ്യാജ വാര്‍ത്തയുടെ വ്യാപനം തടയുന്നതിനുള്ള സംഘത്തില്‍ നിന്നും ചെറിയ തോതിലുള്ള പിരിച്ചുവിടല്‍ മാത്രമാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്. ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെ ചില പരസ്യദാതാക്കള്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പിന്മാറിയതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.
എന്നാല്‍ ആശയവിനിമയം, ഉള്ളടക്ക മേല്‍നോട്ടം, മനുഷ്യാവകാശങ്ങള്‍, മെഷീന് ലേണിംങ് എതിക്സ് എന്നിവയുടെ ഉത്തരവാദിത്വമുള്ള ടീമുകളും ഉത്പന്ന, എൻജിനീയറിംഗ് ടീമുകളിലെ ചിലയാളുകളും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ട്വിറ്റര്‍ ജീവനക്കാരുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു.
പരസ്യക്കാര് പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് കമ്പനി വലിയ രീതിയില്‍ വരുമാന നഷ്ടം നേരിടുന്നതായി മസ്ക് തന്നെയാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അതിന് കാരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളാണെന്നാണ് മസ്കിന്റെ ആരോപണം. ചൊവ്വാഴ്ച ചില സുപ്രധാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഉള്ളടക്ക മോഡറേഷന് പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ മുന്‍നിര പരസ്യദാതാക്കളില്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മസ്ക് പറയുന്നു.
പിരിച്ചുവിടലിന് ശേഷം ആഗോളതലത്തില്‍ ട്വിറ്ററില്‍ നിന്നുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഈ കൂട്ടായ്മകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 40 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടാവുമ്പോള്‍ കമ്പനിയ്ക്ക മറ്റൊരു വഴിയില്ലെന്നാണ് മസ്ക് പിരിച്ചുവിടലിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. പിരിച്ചുവിടപ്പെട്ട എല്ലാവര്ക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.