വീണ്ടും തെരുവുനായ ആക്രമണം; പത്തനംതിട്ട 7പേർക്ക് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പ്രെെവറ്ര് ബസ് സ്റ്റാൻഡിനു സമീപത്തു വച്ചാണ് തെരുവുനായ ആക്രമിച്ചത്. കടിയേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്രി. ആരുടെയും പരിക്ക് ഗുരുതരമല്ല.ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. അതേസമയം, സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെൽത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്.വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ഇവയുടെ ഇടത് ചെവിയിൽ സ്റ്റാർ ആകൃതിയിൽ സ്റ്റാമ്പ് ചെയ്യതിട്ടുണ്ടാകും. നായശല്യം നിയന്ത്രിക്കാനുള്ള നഗരസഭയുടെ പദ്ധതികളും ജനങ്ങളുടെ മാലിന്യ നിക്ഷേപം നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.