കത്ത് വിവാദം കത്തുന്നു; നഗരസഭയിലേക്ക് തളളിക്കയറി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധത്തിൽ മുങ്ങി നഗരസഭ. സത്യപ്രതിജ്ഞ ലംഘനമാണ് മേയർ നടത്തിയതെന്ന് അരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരം നഗരസഭയിൽ തള്ളികയറി. തടയാൻ ശ്രമിച്ച പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. ശേഷം പ്രവർത്തകർ നഗരസഭയിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പിന്നാലെ ബിജെപി കൗൺസിലർമാരും യുവമോർച്ച പ്രവർത്തകരും നഗരസഭയിൽ ശക്തമായ പ്രതിഷേധം നടത്തുന്നു.
നഗരസഭയുടെ കീഴിലുള്ള 295 താൽക്കാലിക ഒഴിവുകളിലേയ്ക്കുള്ള മുൻഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നൽകണമെന്ന് മേയറുടെ പേരിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചകത്ത് പുറത്ത് വന്നതിനെ തുടർന്നാണ് പ്രതിഷേധം. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പുറത്ത് വന്നത്. എന്നാൽ കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. അവസാന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ മേയർ ഒപ്പിട്ട കത്തിലുണ്ട്.