ഉപഭോക്താക്കളുടെ കാലങ്ങളായുള്ള ആശങ്കയ്ക്ക് വിരാമം, ആ തട്ടിപ്പ് ഐ ഒ സിയുടെ പമ്പിൽ ഇനി നടക്കില്ല
കൊച്ചി: ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവൻ പമ്പുകളിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യൻ ഓയിൽ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവൻ പമ്പുകളിലും നടപ്പാക്കി. റീട്ടെയിൽ ഔട്ട്ലെറ്റ് ആട്ടോമേഷൻ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു ‘കേരളകൗമുദി”യോട് പറഞ്ഞു.പമ്പുകളിലെ യൂണിറ്റുകളെ കമ്പ്യൂട്ടർ സംവിധാനംവഴി ഇന്ത്യൻ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതിന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാൽ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസിൽ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യൻ ഓയിൽ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ വീണ്ടും നോസിൽ തുറക്കാൻ കഴിയൂ.ഇന്ധനമടിക്കുംമുമ്പ് മീറ്ററിൽ പൂജ്യമെന്ന് ഉറപ്പിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം. അടിച്ചുതീരുമ്പോൾ പറഞ്ഞ തുകയാണെന്നും ഉറപ്പാക്കണം. ഇതുവഴി ക്രമക്കേട് ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.വിജിലൻസ് വാരാചരത്തിന്റെ ഭാഗമാവി വെല്ലിംഗ്ഡൺ ഐലൻഡിലെ പമ്പിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഓയിൽ ചീഫ് ജനറൽ മാനേജർ (വിജിലൻസ്) ഹൈമറാവു, കേരള ചീഫ് മാനേജർ (വിജിലൻസ് ) ടി.എൻ. ദീപ്തിനാഥ്, ഡിവിഷണൽ ഹെഡ് വിപിൻ അഗസ്റ്റിൻ, ചീഫ് മാനേജർ (റീട്ടെയിൽ സെയിൽ) അബ്ദുൾ മലിക്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ രാജശേഖർ രാജാറാം എന്നിവർ പങ്കെടുത്തു.ഗുണമേന്മ പരിശോധിക്കുംപമ്പുകളിലെ ടാങ്കുകളിൽനിന്ന് സാമ്പിളുകളെടുത്ത് ഗുണമേന്മ ഉറപ്പാക്കുന്ന പരിശോധനകൾ നടത്തുന്നുണ്ട്. റിഫൈനറിയിൽനിന്ന് ടാങ്കർ ലോറികളിൽ നിറയ്ക്കുമ്പോൾ ഇന്ധനത്തിന്റെ ഡെൻസിറ്റി പരിശോധിക്കും. പമ്പിലെ ടാങ്കിൽ നിറച്ചശേഷം സാമ്പിളെടുത്ത് ഹൈഡ്രോമീറ്റർ ഉപയോഗിച്ച് ഡെൻസിറ്റി ടെസ്റ്റ് പരിശോധിച്ച് മായം കലർത്തുന്നില്ല എന്നുറപ്പാക്കുന്നുണ്ട്.ബിൽ വരും, മൊബൈലിൽവാഹനത്തിൽ ഇന്ധനം നിറച്ചാൽ മൊബൈൽഫോണിൽ ബിൽ ലഭിക്കുന്ന സംവിധാനവും നടപ്പാക്കും. വാഹനത്തിന്റെ നമ്പരുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പരിലേയ്ക്ക് തത്സമയം ബിൽ ലഭിക്കും. പിറന്നാൾ ഉൾപ്പെടെ വിശേഷദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ആശംസാസന്ദേശങ്ങളും ലഭിക്കും.