വിയ്യൂർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ ഒളിപ്പിച്ച് സിം എത്തിച്ചു; കുടുംബാംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്
തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തിലൊളിപ്പിച്ച് സിം കാർഡ് എത്തിച്ചു. ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനുവേണ്ടി കുടുംബാംഗങ്ങളാണ് സിം കാർഡ് എത്തിച്ചുനൽകിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വിയ്യൂർ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 31നാണ് സംഭവം നടന്നത്. പകൽ പതിനൊന്ന് മണിക്ക് സൈനുദ്ദീന്റെ ഭാര്യ നദീറ മകൻ മുഹമ്മദ് യാസിൻ സഹോദരൻ മുഹമ്മദ് നാസിർ എന്നിവർ ജയിൽ സന്ദർശിക്കാനെത്തിയത്. ഈ സമയത്ത് ഇവർ ജയിൽ അധികൃതർക്ക് ഖുറാൻ കൈമാറുകയായിരുന്നു. പ്രതിക്ക് ഖുറാൻ കൈമാറുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് അതിൽ നിന്നും ഒരു സിംകാർഡ് കണ്ടെത്തിയത്. തുടർന്ന് ജയിൽ സൂപ്രണ്ട് വിയ്യൂർ പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തിരിക്കുന്നത്. സിം കാർഡ് ആരുടെ പേരിലുള്ളതാണെന്നുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. ഇതിന് ശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുമെന്ന് വിയ്യൂർ പൊലീസ് പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെ തുടർന്ന് ഓഫീസുകളിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് പെരുവന്താനത്ത് നിന്നും സൈനുദ്ദീനെ എൻഐഎ അറസ്റ്റ് ചെയ്തത്. തുടർന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ എത്തിക്കുകയായിരുന്നു