ട്രെയിനിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക പ്രദർശനം; ഭിന്നശേഷിക്കാരനായ പ്രതിക്കായി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർത്ഥിനികൾക്ക് നേരെ അശ്ലീല പ്രകടനം നടത്തിയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കോട്ടയം എക്സ്പ്രസിൽ, തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ വിദ്യാർത്ഥിനികൾക്കാണ് ദുരനുഭവം ഉണ്ടായത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കലയിലിറങ്ങി. പെൺകുട്ടിയുടെ സുഹൃത്താണ് സംഭവത്തിന്റെ ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയെന്നും റെയിൽവേ പൊലീസ് അറിയിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഒരാൾ അശ്ലീല ചേഷ്ടകൾ പെൺകുട്ടിയെ കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഇയാൾ വർക്കല സ്റ്റേഷനിൽ ഇറങ്ങിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ഒപ്പം ഉണ്ടായിരുന്ന യാത്രക്കാരോടോ വർക്കല സ്റ്റേഷനിലോ പെൺകുട്ടി പരാതി പറഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം റെയിൽവേ പൊലീസ് കുട്ടികളുടെ നമ്പർ എടുത്ത് അവരുമായി സംസാരിച്ചു.ഇയാളെ കണ്ടെത്തുന്നതിനുവേണ്ടി ദൃശ്യങ്ങൾ വിദ്യാർത്ഥിനികൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അശ്ലീല പ്രദർശനം നടത്തിയതെന്നാണ് ലഭിച്ച വിവരം.