കുഞ്ഞ് ജനിച്ച ഈ നക്ഷത്രം കുടുംബത്തിന് ദോഷം ചെയ്യുമെന്ന് ജോത്സ്യൻ, മൂന്ന് വയസുകാരനെ പെട്രോൾ ഒഴിച്ചുകൊല്ലാൻ ആവശ്യപ്പെട്ട പിതാവിനെതിരെ കേസ്
ബംഗളൂരു: കുഞ്ഞിന്റെ ജനന നക്ഷത്രത്തിന് ദോഷമുണ്ടെന്ന ജോത്സ്യന്റെ ഉപദേശത്തെത്തുടർന്ന് ഭാര്യയെയും മൂന്ന് വയസുള്ള മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയ യുവാവിനെതിരെ എഫ് ഐ ആർ. ബംഗളൂരുവിന് സമീപം ചന്നപാട്ന സിറ്റിയിലെ മഞ്ചുനാഥ ലെഔട്ട് സ്വദേശിയായ നവീനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നവീന്റെ ഭാര്യ ശ്രുതി രാംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരുടെ മകൻ റൃത്വിക് 2020 ജനുവരി 22 ഉച്ചയ്ക്ക് 12.42 നാണ് ജനിച്ചത്. കുഞ്ഞ് ജനിച്ചത് മൂലം നക്ഷത്രത്തിലാണെന്നും കുടുംബത്തിന് നിർഭാഗ്യവും ദുരന്തവും കൊണ്ടുവരുമെന്നുമായിരുന്നു ജോത്സ്യൻ പറഞ്ഞത്. ജോത്സ്യനെ സന്ദർശിച്ചതിന് പിന്നാലെ നവീൻ ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിക്കാൻ ആരംഭിച്ചതായി പരാതിയിൽ പറയുന്നു. മൂലം നക്ഷത്രത്തിൽ ജനിച്ചതിന്റെ പേരിൽ ഇയാൾ മകനെ ശപിക്കുമായിരുന്നെന്നും തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും ശ്രുതി വെളിപ്പെടുത്തുന്നു.
ഭർത്താവിന്റെ കുടുംബവും കുഞ്ഞിനെ ഉപദ്രവിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും ശ്രുതി പറയുന്നു.കുഞ്ഞിനെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ആവശ്യപ്പെട്ടു. നികൃഷ്ടനായ കുട്ടിയെ വേണ്ടെന്ന് പറഞ്ഞ് നവീന്റെ പിതാവും കുഞ്ഞിനെ ഉപദ്രവിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.