കൗതുകം ലേശം കൂടുതലാ! കൊല്ലത്ത് ബൈക്കിൽ സഞ്ചരിക്കവേ നടുറോഡിൽ സോപ്പ് തേച്ച് കുളിച്ച യുവാക്കൾ പിടിയിൽ
കൊല്ലം: ബൈക്കിൽ സഞ്ചരിച്ച് നടുറോഡിൽ സോപ്പ് തേച്ച് കുളിച്ച യുവാക്കൾ പിടിയിലായി. കൊല്ലം ശാസ്താംകോട്ടയിൽ നാലുദിവസം മുൻപ് രാത്രിയാണ് സംഭവം നടന്നത്. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഗതാഗത നിയമം ലംഘിച്ചതിന്റെ പേരിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.കൊല്ലം ഭരണിക്കാവ് ജംഗ്ഷനിലൂടെ അർദ്ധനഗ്നരായി സോപ്പ് തേച്ച് കുളിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ശാസ്താംകോട്ട പൊലീസിന്റെ പക്കലും ദൃശ്യങ്ങളെത്തിയതിന് പിന്നാലെ ഇരുവരെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇരുവരും സ്റ്റേഷനിൽ ഹാജരായി.കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മഴ പെയ്തുവെന്നും ഇതോടെ ഒരു കൗതുകത്തിന്റെ പേരിൽ കുളിക്കുകയായിരുന്നെന്നാണ് യുവാക്കൾ പൊലീസിനോട് പറഞ്ഞത്. ലഹരിയുടെ പുറത്തായിരുന്നില്ല ഈ പ്രകടനമെന്ന് പൊലീസും വ്യക്തമാക്കി. ഇരുവരിൽ നിന്നും പിഴ ഈടാക്കിയതിന് ശേഷം പൊലീസ് വിട്ടയച്ചു.