പള്ളുരുത്തിയിൽ എത്തിയത് 200 കിലോ പഴകിയ മത്സ്യം; പിന്നിൽ വൻ മാഫിയ
കൊച്ചി: എറണാകുളം പള്ളുരുത്തി മത്സ്യമാർക്കറ്രിൽ നിന്ന് ഭക്ഷ്യവകുപ്പ് പഴകിയ മത്സ്യം പിടികൂടി. 200 കിലോഗ്രാം വരുന്ന മത്സ്യത്തിന് രണ്ടുമാസത്തെ പഴക്കമുണ്ടെന്നാണ് ഉദ്യാേഗസ്ഥരുടെ നിഗമനം.മുനമ്പം മട്ടാഞ്ചരി ഹാർബറുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് കേര, തിലോപ്പി,പാമ്പാട തുടങ്ങിയ മത്സ്യങ്ങളാണ് പള്ളുരുത്തി മാർക്കറ്റിലെത്തിച്ച് വിൽപന നടത്തുന്നതിനിടെ പിടികൂടിയത്. പരിശോധനയ്ക്ക് ശേഷം മത്സ്യത്തെ നശിപ്പിക്കാനാണ് തിരുമാനം.കഴിഞ്ഞ ദിവസം ഹാർബറിന്റെ പരിസരത്തു നിന്നു പുറത്തേയ്ക്കു കടത്താൻ ശ്രമിച്ച് മത്സ്യം ബി ഒ ടി പാലത്തിനു സമീപത്ത് വച്ച് ഉദ്യോഗസ്ഥർ പിടികൂടി നശിപ്പിച്ചിരുന്നു. പഴകിയ മത്സ്യം വിപണിയിൽ വിറ്റഴിക്കുന്നതിനെ തുടർന്ന് ജില്ലയിലെ മത്സ്യ വിപണികളിൽ ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്ക് മത്സ്യം വാങ്ങി ഹാർബറിൽ എത്തിച്ച് കോൾഡ് സ്റ്റോറേജുകളിലേയ്ക്ക് മാറ്റി തോപ്പുംപടിയിൽ നിന്നുള്ള മത്സ്യം എന്ന രീതിയിൽ വിൽപനയും ഇവിടെ നടക്കുന്നുണ്ട്.കൊവിഡ് കാലം മുതലാണ് മത്സ്യ വിൽപനയിലെ വ്യാപക അഴിമതി പുറത്ത് വരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യം മാസങ്ങളോളം ശേഖരിച്ച് വച്ച് വിൽപന നടത്തുന്നുയെന്ന് പ്രദേശവാസികൾ പറയുന്നു. മത്സ്യബന്ധനം കഴിഞ്ഞ് എത്തുമ്പോൾ ശീതീകരണി കൃത്യമായി പ്രവത്തിക്കാത്തതിനാൽ മത്സ്യം കുറഞ്ഞ വിലയ്ക്ക് മൊത്തമായി വിൽക്കാറുണ്ട്. ഇത്തരത്തിൽ എത്തിയ മത്സ്യമാണോ പിടിച്ചെടുത്തതെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥാർ അറിയിച്ചു.