കോഴിക്കോട് : എല്‍.ഡി.എഫിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തിന്റെ പേരില്‍ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്ത കെ.എം. ബഷീര്‍ പ്രതികരണവുമായി രംഗത്ത്. മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് ഒരിക്കലും തെറ്റല്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും കെ.എം ബഷീര്‍ പറഞ്ഞു.
സി.പി.ഐ.എം ഇനിയും ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചാല്‍ താനിനിയും പങ്കെടുക്കുമെന്നും കെ.എം ബഷീര്‍ പറഞ്ഞു.
‘പരിപാടിയില്‍ പങ്കെടുത്തത് തെറ്റായി എന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടി വരും. അതിന്റെ വെടിക്കെട്ട് ഇന്നലെ നടന്നു കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി അത് തുറന്നു പറഞ്ഞു കഴിഞ്ഞു,’
“കോഴിക്കോട് നമ്മളെല്ലാവും ഒരുമിച്ച് നിന്നു. തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും മുനീറും ഒരുമിച്ച് നിന്നു. തമ്മില്‍ തെറ്റി നടക്കുന്ന എ.പിയും ഇ.കെയും ഒരുമിച്ചു നിന്നു. സ്വാമിമാര്‍ എത്തി, ക്രിസ്ത്യന്‍ പാതിരിമാര്‍ എത്തി ആ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അല്ലാതെ വോട്ട് രാഷ്ട്രീയത്തിന്റെ പേരില്‍ ഇടങ്കോലിലിടാന്‍ നോക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം ശക്തമായി എതിര്‍ക്കേണ്ടി വരും. കേവലം രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്നവര്‍ക്കറിയാം ഒറ്റപ്പെട്ടു പോയാല്‍ സമരം പരാജയപ്പെടും. ഇത് ലോകശ്രദ്ധ നേടിയ ഒരു സമരമാണ്,” കെ.എം ബഷീര്‍ പറഞ്ഞു.
മുസ്ലീം ലീഗ് നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുസ്ലീം ലീഗ് നേതാവ് എന്ന നിലയിലല്ല, മുസ്ലീം പൗരന് എന്ന നിലയില്‍, ഇന്ത്യാ രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷ പൗരന് എന്ന നിലയില്‍ എങ്ങനെ കാണുന്നു എന്ന് ചോദിക്കുന്നതാണ് ഉത്തമം എന്നാണ് കെ.എം ബഷീര്‍ മറുപടി നല്‍കിയത്.
‘അങ്ങനെ ചോദിക്കുകയാണെങ്കില്‍ കൃത്യമായ മറുപടി ഉണ്ട്. അഞ്ചു വര്‍ഷത്തേക്ക് ജനങ്ങളെ സംരക്ഷിക്കാനായി അധികാരത്തിലേറിയ ഭരണാധികാരി ആ രാജ്യത്തെ സാധാരണക്കാന്റെയും ന്യൂനപക്ഷങ്ങളുടെയും ആശങ്ക അകറ്റാന്‍ വേണ്ടി ശ്രമിച്ചാല്‍ അത് ധീരമായ കാര്യമാണ്. അതുകൊണ്ടാണ് അത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു പോലും മാതൃകാ പരമായ തീരുമാനമായി മാറിയത് , കെ.എം ബഷീര്‍ പറഞ്ഞു
അദ്ദേഹത്തിന്റെ ധീരതയെയും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തെയും അംഗീകരിക്കുന്നു, എന്നു കരുതി എല്‍.ഡി.എഫിന്റെ എല്ലാ പ്രവൃത്തികള്‍ക്കും പിന്തുണ നല്കുന്ന ഒരു വ്യക്തിയല്ല താന്‍ എന്നും കെ.എം ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
റിപ്ലബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തിതിന്റെ പേരിലാണ് ബേപ്പൂര്‍ വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെ മുസ്ലിം ലീഗ് സസ്പെന്റ് ചെയ്യുന്നത്.
അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്പെന്ഷന്. റിപ്പബ്ലിക് ദിനത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതും ലീഗിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ചതുമാണ് നടപടിക്കുള്ള കാരണം. ഒപ്പം യു.ഡി.എഫ് സംഘടിപ്പിക്കുന്ന സി.എ.എ വിരുദ്ധ പരിപാടികളില്‍ നിന്ന് കെ.എം ബഷീര്‍ വിട്ടു നില്ക്കുന്നു എന്ന ആരോപണവുമുണ്ട്.