ഭൂമിയിൽ ഇന്ന് ഏറ്റവും വിലപിടിപ്പുള്ള ദ്രാവകം ഒരു വിഷമാണ്, പഞ്ചസാര തരിയേക്കാൾ ചെറിയ തുള്ളിക്ക് വില പതിനായിരം
പുരാതന ഈജിപ്റ്റിലും മറ്റും ആളുകൾ ആരാധിച്ചിരുന്ന ജീവിയാണ് തേൾ. ഇവയുടെ മാരക വിഷവും മനുഷ്യർക്ക് പണ്ടുകാലം മുതൽ അത്ഭുതമായിരുന്നു. ഇന്ന് ഭൂമിയിലെ ഏറ്റവും വില കൂടിയ ദ്രാവകം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തേളിന്റെ വിഷം എന്നാണ്.! ഒരു ഗാലണിന് 39 മില്യൺ ഡോളറാണ് തേൾ വിഷത്തിന്റെ വില. ഒരു പഞ്ചസാര തരിയെക്കാളും തീരെ ചെറിയ തുള്ളിയ്ക്ക് മാത്രം 130 ഡോളർ.!ശാസ്ത്രീയമായ കാരണങ്ങളാണ് തേൾ വിഷം ഇത്ര മൂല്യമുള്ളതാകാൻ കാരണം. ചികിത്സാ രംഗത്ത് തേൾ വിഷം പല രീതിയിലും പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കാൻസർ രോഗ നിർണയത്തിനും ട്യൂമറുകളെ ചെറുക്കാനും സഹായിക്കുന്ന പ്രോട്ടീനുകൾ തേൾ വിഷത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.തേൾ വിഷത്തിലെ ക്ലോറോടോക്സിൻ എന്ന ഘടകത്തിന് തലയേയും നട്ടെല്ലിനേയും ബാധിക്കുന്ന ചില കാൻസർ സെല്ലുകളെ കണ്ടെത്താൻ കഴിയും. ട്യൂമറുകളുടെ സ്ഥാനവും വലിപ്പവും നിർണയിക്കാനും ഇവയ്ക്ക് സാധിക്കും. മലേറിയ തുരത്തുന്നതിനും തേൾ വിഷത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഉപയോഗിക്കുന്നു.ലൂപ്പസ്, ആർത്രൈറ്റിസ് തുടങ്ങിയ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്കും തേളിന്റെ വിഷം പരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, വെറും ഒരു തുള്ളി വിഷം മാത്രമാണ് ഒരു തേളിൽ നിന്നും ലഭിക്കുന്നത്. തേളിന്റെ വാലറ്റത്തെ സഞ്ചിയിലാണ് വിഷം ശേഖരിച്ചു വയ്ക്കുന്നത്. ഇതും തേൾ വിഷത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.ഡെത്ത് സ്റ്റോക്കർ ഇനത്തിലുള്ള തേളുകളിൽ നിന്നാണ് ഇത്തരത്തിൽ വിഷം കൂടുതലായി ശേഖരിക്കുന്നത്. ഒറ്റ കുത്തിന് മനുഷ്യനെ കൊല്ലാൻ ശേഷിയുള്ളത്ര മാരക വിഷത്തിന് ഉടമയും ലോകത്തിലെ ഏറ്റവും അപകടകാരിയുമായ തേളാണ് ഡെത്ത് സ്റ്റോക്കർ.