ആറുവയസുകാരനെ തൊഴിച്ച ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്; രാത്രി തന്നെ പരാതിപ്പെട്ടിരുന്നതായി കുട്ടിയുടെ കുടുംബം
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരിനിന്നതിന്റെ പേരിൽ രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിനെതിരെ(20) വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ഇയാളെ സംഭവം വാർത്തയായതോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിംഗ് ഏരിയയിൽ ഇയാൾ വാഹനം നിർത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടർന്നാണ് പ്രകോപിതനായ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് തന്റെ കാറിനടുത്ത് ചാരിനിന്ന കുട്ടിയെ തൊഴിച്ചത്.
വ്യാഴാഴ്ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് ഇയാളെ ഇന്ന് രാവിലെയോടെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമുണ്ടായത്.
അതേസമയം രാത്രിയിൽ സംഭവമുണ്ടായയുടൻ പൊലീസിൽ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്സാക്ഷികളായവരിൽ ചിലർ ചേർന്ന് ഉടൻ തലശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒരു അഭിഭാഷകൻ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടർന്ന് ശിഹ്ഷാദിന്റെ കാർ പൊലീസ് രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇയാളെ രാത്രിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും ഇന്ന് പ്രശ്നം വാർത്താപ്രാധാന്യം നേടിയതോടെയാണ് അറസ്റ്റുണ്ടായത്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് തലശേരി എ.എസ്പി പി.നിഥിൻ രാജ് പ്രതികരിച്ചത്. എന്നാൽ സംഭവത്തിൽ അന്വേഷണമാരംഭിച്ചെന്നും പൊലീസിന് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.