ആറുവയസുകാരിയുടെ വിരൽ കപ്ലിങ്ങിൽ കുടുങ്ങി; രക്ഷകരായി ഇ ആർ എഫ്
മലപ്പുറം : ആറുവയസ്സുകാരിയുടെ വിരൽ വാഷ്ബേസിന്റെ സ്റ്റീൽ വേസ്റ്റ് കപ്ലിങ്ങിൽ കുടുങ്ങി. ഒടുവിൽ എമർജൻസി റെസ്ക്യു ഫോഴ്സിന്റെ സഹായത്താൽ സ്റ്റീൽ കപ്ലിങ് മുറിച്ചുമാറ്റി. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിലെ കണ്ടൻചിറയിൽ മുഹമ്മദ് റാഫിയുടെ ആറുവയസ്സുള്ള മകളുടെ ചൂണ്ടുവിരലാണ് വീട്ടിലെ വാഷ്ബേസിന്റെ സ്റ്റീൽ വേസ്റ്റ് കപ്ലിങ്ങിൽ കുടുങ്ങിയത്.
വീട്ടുകാർ പൈപ്പ് പൊട്ടിച്ച് വാഷ് ബേസിൽ നിന്ന് സ്റ്റീൽ കപ്ലിങ്ങ് അടർത്തിയെടുത്തശേഷം എമർജൻസി റെസ്ക്യു ഫോഴ്സിനെ സമീപിക്കുകയായിരുന്നു. ഇ ആർ എഫ് പ്രവർത്തകർ കുട്ടിയുടെ വിരൽ മരുന്നുപയോഗിച്ച് മരവിപ്പിച്ചശേഷം സ്റ്റീൽ കപ്ലിങ് മുറിച്ചുമാറ്റി. പിന്നീട് തുടർ ചികിത്സക്കായി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇ ആർ എഫ്. അംഗങ്ങളായ ബിബിൻ പോൾ, കെ എം അബ്ദുൽ മജീദ്, ഷംസുദ്ദീൻ കൊളക്കാടൻ, ജിയോ പോൾ, ഡെനി എബ്രഹാം, മുജീബ്, ലൗജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.