കെ ടി യുവിൽ സംഘർഷം; ചുമതല ഏറ്റെടുക്കാൻ എത്തിയ താൽക്കാലിക വി സിയെ എസ് എഫ് ഐയും ജീവനക്കാരും തടഞ്ഞു
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വൈസ് ചാൻസലറായി ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെ തടഞ്ഞ് എസ് എഫ് ഐയും യൂമിവേഴ്സിറ്റി ജീവനക്കാരും. തുടർന്ന് പൊലീസ് സംരക്ഷണത്തോടെയാണ് ഇവർ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ചത്. വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് സംഘർഷം നടത്തുന്നത്. പ്രതിഷേധം പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഡോ. സിസ പ്രതികരിച്ചു.
‘ഇതൊരു അധിക ചുമതല മാത്രമാണ്. സ്ഥിരം വി സി വരുന്നതുവരെ അത് നിറവേറ്റാൻ തന്നെയാണ് തീരുമാനം. ഇത്രയും പ്രധാനപ്പെട്ട ഒരു യൂണിവേഴ്സിറ്റിയിൽ വി സി ഇല്ലാതിരിക്കാൻ പറ്റില്ല. അങ്ങനെയൊരാൾ ഉണ്ടെങ്കിൽ മാത്രമേ കുട്ടികളുടെ കാര്യങ്ങൾ നടക്കുകയുള്ളൂ. താൽക്കാലിക വി സി ആകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ, തങ്ങളുടെ റിസൾട്ട് വന്നിട്ടില്ല, ജോലിക്ക് പ്രവേശിക്കണം എന്ന തരത്തിൽ ഇരുന്നൂറിലധികം മെയിലുകളാണ് വന്നത്. കുട്ടികൾക്ക് വേണ്ടി നല്ലത് ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ അവസാനിക്കും എന്നാണ് പ്രതീക്ഷ.’- ഡോ. സിസ പറഞ്ഞു.
സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സിസ തോമസിന് കെ ടി യു വി സിയുടെ ചുമതല നൽകിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനായിരുന്നു സർക്കാർ ശുപാർശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാൻസലർ കൂടിയായ ഗവർണർ കെടിയു വി സിയുടെ ചുമതല നൽകിയത്. വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി.