പ്രവാസിയായ ഭർത്താവ് നാട്ടിലെത്തിയത് അടുത്തിടെ, മക്കളുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാതാവിന്റെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ പുറത്ത്
തിരൂർ: കുറ്റിപ്പാലയ്ക്ക് സമീപം ചെട്ടിയാംകിണറിൽ യുവതിയെയും രണ്ടു പെൺമക്കളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടം ആലിശ്ശേരി സ്വദേശിനി വടക്കേപീടിയേക്കൽ സഫ്വ(26), മക്കളായ ഫാത്തിമ മർസീവ(4), മറിയം(1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളുടെ കഴുത്തിൽ തോർത്തു കൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം.സഫ്വയും മക്കളും ഒരു റൂമിലും ഭർത്താവ് റാഷിദ് അലി മറ്റൊരു റൂമിലുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് , താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് സഫ്വ ഭർത്താവിന് ശബ്ദസന്ദേശമയച്ചിരുന്നു. പുലർച്ചെ അഞ്ചിന് മെസേജ് കണ്ട് റാഷിദാണ് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്. സഫ്വയും ഭർത്താവും തമ്മിൽ വഴക്കുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.അഞ്ചുവർഷം മുമ്പാണ് സഫ്വയും ചെട്ടിയാംകിണർ സ്വദേശി റാഷിദ് അലിയും വിവാഹിതരാവുന്നത്. പ്രവാസിയായ റാഷിദ് അലി ആറുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വെട്ടം പുതുച്ചിറ ജുമാമസ്ജിദിൽ ഖബറടക്കി.