കാസർകോടുള്ള ക്ഷേത്രത്തിലെ വിഗ്രഹത്തിൽ സ്വർണമാലയ്ക്ക് പകരം മുക്കുപണ്ടം ചാർത്തി തിരുവനന്തപുരം സ്വദേശിയായ പൂജാരി മുങ്ങി
കാസർകോട്: വിഗ്രഹത്തിൽ നിന്ന് സ്വർണമാല കവർന്ന ശേഷം മുക്കുപണ്ടമാല ചാർത്തി ക്ഷേത്ര പൂജാരി മുങ്ങിയതായി പരാതി. ഹൊസങ്കടിയിലെ ഒരു ക്ഷേത്രത്തിൽ തിരുവനന്തപുരം സ്വദേശിയായ പൂജാരിയെ ക്ഷേത്ര കമ്മിറ്റി താൽക്കാലികമായി നിയമിച്ചിരുന്നു. കഴിഞ്ഞദിവസം ക്ഷേത്ര വാതിൽ പൂട്ടി താക്കോൽ വാതിലിനു സമീപം വെച്ച നിലയിലായിൽ കണ്ടതിനെ തുടർന്ന് പൂജാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്ന വിവരമാണ് ലഭിച്ചത്.
പൂജാരി താമസിക്കുന്ന വാടക വീട്ടിൽ അന്വേഷിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
മറ്റൊരു പൂജാരിയെ കൊണ്ടുവന്ന് പൂജാകർമ്മം നടത്തുന്നതിനിടെയാണ് വിഗ്രഹത്തിലെ മാല തിളങ്ങുന്നതു കണ്ട് പൂജാരി ക്ഷേത്ര കമ്മിറ്റിയോട് മാല പുതിയതാണോ എന്ന് തിരക്കിയത്.
സംശയം തോന്നി സ്വർണപണിക്കാരനെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടമെന്ന് മനസ്സിലായത്. സ്വർണമാല കവർന്നതാണെന്ന് മനസിലായതോടെ കമ്മിറ്റി ഭാരവാഹികൾ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.