ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനമുള്‍പ്പടെ വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. വിശാല ബെഞ്ചിലെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
കേസില്‍ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ എടുത്ത തീരുമാനം.ശബരിമല പുനപരിശോധനാ ഹരജികള്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കില്ലെന്ന് ജനുവരി 13ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ മാത്രമേ പരിഗണിക്കൂ. കോടതിക്ക് മുന്നിലുള്ള ചോദ്യങ്ങള്‍ ആവശ്യമെങ്കില്‍ പുനക്രമീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
മുസ്ലീം, പാഴ്സി, ജൈന മതാചാരങ്ങളുടെ സാധുത പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിശദമായ വാദത്തിനു മുന്‍പ് അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.ഇതനുസരിച്ച് ജനുവരി 17 ന് അഭിഭാഷകരുടെ യോഗം നടന്നു. ഈ യോഗത്തിലാണ് 23 ദിവസത്തെ വാദം വേണമെന്ന ആവശ്യം അഭിഭാഷകര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.