ഒരു മൂടിൽ നിന്ന് ലഭിച്ചത് 45 കിലോ കപ്പ; കണ്ണുതള്ളേണ്ട, അല്പം ശ്രദ്ധിച്ചാൽ വമ്പൻ വിളവ് നിങ്ങൾക്കും ലഭിക്കും, കൃഷി ചെയ്യേണ്ടത് ഇപ്രകാരം
ഒരു മൂട് മരച്ചീനിയിൽ നിന്ന് എത്ര കിലോ കപ്പ ലഭിക്കും?പത്തുകിലോ. കൂടിപ്പോയാൽ ഇരുപത്. അതിനപ്പുറം ഒരിക്കലും ഉണ്ടാവില്ല. എന്നാൽ ചെറുവണ്ണൂരിലെ നെല്ലിയോട് പൊയിൽ ഫൈസൽ കൃഷിയിടത്തിൽ നട്ടുവളർത്തിയ ഒരു മൂട് മരച്ചീനിയിൽ നിന്ന് ലഭിച്ചത് 45 കിലോ കപ്പയാണ്. ഒരു കപ്പയ്ക്ക് തന്നെ ഇരുപതുകിലോയിലേറെ തൂക്കമുണ്ട്.എന്തെങ്കിലും രാസവളങ്ങൾ പ്രയോഗിച്ചതാണ് ഇത്രയും വലിയ വിളവിന് കാരണമെന്ന് കരുതിയെങ്കിൽ തെറ്റി. ജൈവ വളം മാത്രം നൽകിയാണ് ഈ വമ്പൻ വിളവ് നേടിയത്. സ്വന്തം ഫാമിലെ കോഴിവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്. കപ്പ നടാനായി നിലം ഒരുക്കിയതുമുതൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്നു. മൊട്ടക്കുന്നായിരുന്ന സ്ഥലത്തിനെയാണ് ഫൈസൽ പൊന്നുവിളയുന്ന കൃഷിയിടമാക്കിയെടുത്തത്. സമ്മിശ്ര കൃഷിയാണ് ഫൈസലിന്റെ ഏറ്റവും വലിയ പ്രത്യേകത. മരച്ചീനിക്കൊപ്പം വാഴ, ചേന, ചേമ്പ് കൂർക്ക എന്നിവയും കൃഷിചെയ്യുന്നുണ്ട്. ഡ്രിപ്പ് ഇറിഗേഷൻ നടപ്പാക്കുന്നതിനാൽ കുറച്ചുവെള്ളത്തിലൂടെ കൂടുതൽ സ്ഥലം നനയ്ക്കാൻ കഴിയും.കൃഷി മാത്രമല്ല കാർഷിക നഴ്സറിയും ഫൈസൽ ഒരുക്കുന്നുണ്ട്. കുള്ളൻ തെങ്ങിൻ തൈ, വിവിധയിനം പ്ലാവ് ,മാവ് എന്നിവ നഴ്സറിയിൽ ലഭിക്കും. 4000 കോഴികളുള്ള ബ്രോയ് ലർ ഫാം, നൂറോളം മുട്ട കോഴികൾ, പശു എന്നിവയും ഫൈസലിന്റെ ഫാമിൽ ഉണ്ട്.