തൂങ്ങിമരിച്ച പെൺകുട്ടിയെ അഴിച്ച് താഴെ കിടത്തിയ ശേഷം അതേ കയറിൽ യുവാവ് ആത്മഹത്യ ചെയ്തു, വിദ്യാർത്ഥിനിയുടെയും യുവാവിന്റെയും മരണത്തിൽ പൊലീസ് കണ്ടെത്തൽ
ചേർത്തല: പള്ളിപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന്റെ ഷെഡിൽ സമീപവാസികളായ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത തേടി പൊലീസ്. ഇരുവരും തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.യുവാവിനെ തൂങ്ങിയ നിലയിലും പെൺകുട്ടിയുടെ മൃദേഹം നിലത്തു കിടക്കുന്നതുമായാണ് കണ്ടെത്തിയത്. പെൺകുട്ടി തൂങ്ങി മരിച്ച ശേഷം അഴിച്ചു നിലത്തു കിടത്തി അതേ കയറിൽ യുവാവും തൂങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. മറ്റു ബലപ്രയോഗങ്ങളൊന്നും പെൺകുട്ടിക്ക് മേൽ നടന്നിട്ടില്ല.പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു23), ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പാല സ്വദേശി തേക്കിൻ കാട്ടിൽ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരേയാണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.ഇന്നലെ പൊലീസ് ഫോറൻസിക് വിഭാഗം മൃദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി. ആലപ്പുഴ മെഡി. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തുടർന്ന് മൃദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാമ്രേ കൂടുതൽ വ്യക്തതയുണ്ടാവൂ.പൂച്ചാക്കലിലെ സ്വകാര്യ സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുന്ന എലിസബത്ത് സ്കൂളിലേക്കെന്ന പേരിലാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. ഫാബ്രിക്കേഷൻ ജോലിചെയ്യുന്ന അനന്തകൃഷ്ണൻ ഞായറാഴ്ച രാത്രി എട്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. തിങ്കളാഴ്ച രാത്രിയോടെ അനന്തകൃഷ്ണന്റെ പിതാവ് ചേർത്തല പൊലീസിൽ പരാതി നൽകി. എലിസബത്തിന്റെ അമ്മൂമ്മയും പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീടിനു രണ്ടുകിലോമീറ്റർ ചുറ്റളവിലുണ്ടെന്ന് കണ്ടെത്തി. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃദേഹങ്ങൾ കണ്ടെത്തിയത്.