പുതുലമുറയെ മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തണം-മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
കാസർകോട് :ആഗോള സമൂഹവുമായി സംവദിക്കാനാവും വിധമുള്ള പരിശീലനങ്ങള്‍ നല്കുമ്പോഴും അവരെ മാതൃഭാഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ മലയാള ദിനം ഭരണഭാഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭരണഭാഷ പഠിക്കുന്നതിന് കൃത്യമായ രീതിയില്‍ മലയാളഭാഷയും ഭാഷയുടെ ഗതിവിഗതികളും പഠിക്കണം. വിശേഷണങ്ങളിലെ വൈരുദ്ധ്യം ഇതിനുദാഹരണമാണ്. കേരളത്തിലെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. തര്‍ജ്ജമകളില്‍ ഇതരഭാഷകളുടെ അബോധപൂര്‍വ്വമായ കടന്നുകയറ്റം പ്രബലമാണ്. അതോടൊപ്പം, പ്രാദേശികപദങ്ങളും കടന്നുവരുന്നു. ഇവിടെ മലയാള ഭാഷയുടെ അത്യന്താപേക്ഷികത നാം തിരിച്ചറിയുന്നതിലൂടെ മാത്രമേ സംവദിക്കുന്നതും ഗ്രഹിക്കുന്നതുമായ ആശയം ഒന്നുതന്നെയാകൂ.
ക്ലാസ്സ് മുറികളിലും, കോടതികളിലും, ഓഫീസുകളിലുമെലും തന്നെ മലയാളത്തിന് പ്രാമുഖ്യം നല്‍കണം. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതിനെ തുടര്‍ന്ന് സംഭവിച്ച കൈപ്പിഴയാണ് ഇംഗ്ലീഷിനോടുള്ള വിധേയത്വം എന്ന് പറയാതിരിക്കാനാവില്ലെന്നും വിദേശഭാഷകളില്‍ മക്കള്‍ക്ക് ട്യൂഷന് നല്കാന് തിരക്കുകൂട്ടുന്ന മാതാപിതാക്കള്‍ അവര്‍ക്ക് മാതൃഭാഷ ചിട്ടപ്പെടുത്തിനല്കണമെന്ന് ചിന്തിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷില്‍ അക്ഷരവിന്യാസത്തിനു നല്കുന്ന പ്രാധാന്യം മലയാളത്തില്‍ നല്‍കുന്നില്ല. ഈ മനോഭാവം മാറണം. മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണ്. വിദേശരാജ്യങ്ങള്‍ക്ക് മലയാളഭാഷയോടുള്ള ആദരവ് എങ്കിലും നമ്മളും കാണിക്കണം. ജനാധിപത്യം സാര്‍ഥകമാകണമെങ്കില്‍ ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള പങ്ക് ഉറപ്പാക്കണം.
ഭാഷ അതിനൊരു തടസ്സമാകരുത്. ഭരിക്കുന്നവരുടെയും ഭരണീയരുടെയും ഭാഷ ഒന്നായിത്തീരുമ്പോഴാണ് ആശയവിനിമയം പൂര്‍ണമാകുന്നത്.
ഭരണഭാഷ ലക്ഷ്യം കൈവരിക്കണമെങ്കില്‍, രാഷ്ട്രീയ ഇച്ഛാശക്തിയും ജനങ്ങളുടെ സഹകരണവും ഉദ്യോഗസ്ഥരുടെ പരിശ്രമവും മാധ്യമങ്ങളുടെയും ഭാഷാവിദഗ്ധരുടെയും പങ്കാളിത്തവും ആവശ്യമാണ്.
ഭരണഭാഷ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ എല്ലാ വകുപ്പ് തലവന്മാരും ഓഫീസ് മേലാധികാരികളും ജീവനക്കാരും ഒന്നിച്ച് പരിശ്രമിക്കേണ്ടതുണ്ട്. ഭരണഭാഷാ സംബന്ധമായുള്ള നടപടിക്രമങ്ങള്‍ വിവിധ വകുപ്പുകളില്‍ നടപ്പിലാക്കുന്നുണ്ടോ എന്നും, അതിന്റെ പുരോഗതിയും ഔദ്യോഗിക ഭാഷാവകുപ്പ് പരിശോധിക്കുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്യണം. മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്. അതാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലും പ്രതിഫലിക്കുന്നത്. മാതൃഭാഷക്ക് മലയാളികള്‍ നല്‍കിവരുന്ന പരിഗണന ആശങ്കാജനകമാണ് എന്ന് പറയാതെ വയ്യ. മക്കള്‍ക്ക് മലയാളം വായിക്കുവാനും എഴുതാനും അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. മലയാളത്തിന്റെ ശ്രേഷ്ഠ പദവിയും, ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവും ഒക്കെ പ്രതീക്ഷ പകരുമ്പോളും, പുതിയ തലമുറ മാതൃഭാഷയ്ക്ക് നേരെ പുറം തിരിയുന്ന കാഴ്ച വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സപ്ത ഭാഷാ സംഗമ ഭൂമി ഭാഷകളുടെ നാടാണ്.. മാതൃഭാഷയോടുള്ള കൂറ് ഭാഷാ ഭ്രാന്തായി മാറരുതെന്ന് എം എൽ എ പറഞ്ഞു.
കവി രാധാകൃഷ്ണന് പെരുമ്പള, കന്നഡ, തുളു എഴുത്തുകാരി രാജശ്രീ ടി.റായി പെര്‍ള എന്നിവരെ മന്ത്രി ആദരിച്ചു. കവി പ്രസാദ് കരുവളം, മാധ്യമപ്രവര്ത്തകന് കെ.ഗംഗാധര എന്നിവര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. എ.ഡി.എം എ.കെ.രമേന്ദ്രന്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള കേന്ദ്രസര്‍വകലാശാല മലയാള വിഭാഗത്തിലെ ഡോ.ആര്.ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. അസി.കളക്ടര്‍ ഡോ.മിഥുന് പ്രേംരാജ്, ഡെപ്യൂട്ടി കളക്ടര്‍ (എൽ എ ) എസ്.ശശിധരന് പിള്ള എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന് നന്ദിയും പറഞ്ഞു.